യുഎഇയിൽ പെട്രോൾ-ഡീസൽ വില വർദ്ധിപ്പിച്ചു

ദുബായ്: യുഎഇയിൽ പെട്രോൾ - ഡീസൽ വില വർദ്ധിപ്പിച്ചു. പെട്രോൾ ലീറ്ററിന് 20 ഫിൽസാണ് കൂട്ടിയത്. ഡീസലിനും ഇരുപത് ഫിൽസിന്റെ വർദ്ധനയുണ്ട്. പുതിയ നിരക്കുകൾ ഇന്ന് അർദ്ധരാത്രി പ്രാബല്യത്തിൽ വരും..
പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ വീണ്ടും ശക്തമായതോടൈ ആഗോള എണ്ണവില കൂടിയതാണ് യുഎഇ-യിലും വില കൂട്ടാൻ കാരണം. മൂന്ന് തരം പെട്രോളിനും ലിറ്ററിന് ഇരുപത് ഫിൽസ് വീതം കൂടിയിട്ടുണ്ട്.
സൂപ്പർ പെട്രോൾ ലിറ്ററിന് നാളെ മുതൽ 3.60 ദിർഹമാണ് നൽകേണ്ടത്. 3.40 ദിർഹമായിരുന്നു നിലവിലെ നിരക്ക്.. 3.29 ദിർഹമായിരുന്ന സ്‌പെഷ്യൽ പെട്രോളിന് ഇനിമുതൽ 3.49 ദിർഹം നൽകണം.
ഇ-പ്ലെസ് പെട്രോൾ നിരക്ക് 3.21ൽ നിന്ന് 3.41 ദർഹമായി വർദ്ധിപ്പിച്ചു.. ഡീസൽ വില 20 ഫിൽസ് വർദ്ധിപ്പിച്ചതോടെ 3.60 ദിർഹത്തിൽ നിന്ന് 3.80 ദിർഹമായി. കഴിഞ്ഞ മാസം രാജ്യത്ത് ഇന്ധനവില കുറച്ചിരുന്നു.
ഒപെക്ക്, ഒപെക്ക് പ്ലസ് കൂട്ടായ്മകളിൽ നിന്ന് യുഎഇ പിന്മാറിയത് എണ്ണവിലയിൽ ഇതുവരെയും കാര്യമായി മാറ്റമുണ്ടാക്കിയിട്ടില്ല. പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനാലാണ് ഈ മാറ്റം യുഎഇയിലെ വിപണിയിൽ പ്രതിഫലിക്കാത്തത്. കുവൈറ്റിലും ബഹ്റൈനിലും ഉൾപ്പടെ ആക്രമണം തുടരുന്നതും ഹോർമുസിലെ അനിശ്ചിതത്വവുമാണ് നിലവിൽ ഇന്ധനവില കൂടാൻ കാരണം. യുഎഇ ഫ്യുവൽ പ്രൈസിങ് കമ്മിറ്റിയാണ് ഓരോ മാസവും അവസാനം രാജ്യത്തെ പെട്രോൾ - ഡീസൽ വില നിശ്ചയിക്കുന്നത്.
Content Highlights: Petrol and diesel prices increased by 20 fils per liter., Global oil price surge due to Middle East tensions cited as primary cause., Super 98 petrol is now 3.60 AED, Special 95 is 3.49 AED, and E-Plus is 3.41 AED., Diesel price increased to 3.80 AED., New rates are set by the UAE Fuel Pricing Committee.