ഷാർജ ഇന്ത്യൻ അസോസിയേഷൻ തിരഞ്ഞെടുപ്പ്: എട്ടുപേരുടെ നാമനിർദ്ദേശ പത്രിക തളളി

മുഖ്യ വരണാധികാരി പോൾ ടി ജോസഫ്
മുഖ്യ വരണാധികാരി പോൾ ടി ജോസഫ്

ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണസമിതിയിലേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ എട്ടുപേരുടെ നാമനിർദ്ദേശ പത്രിക തളളി. പതിനാല് സ്ഥാനങ്ങളിലേയ്ക്കായി 71 പേരാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. തർക്കങ്ങളെല്ലാം പരിഹരിച്ചെന്നും കുറ്റമറ്റ രീതിയിൽ വോട്ടെടുപ്പ് നടത്തുമെന്നും മുഖ്യ വരണാധികാരി പോൾ ടി ജോസഫ് അറിയിച്ചു.

ശക്തമായ തർക്കങ്ങൾക്കും വാഗ്വാദങ്ങൾക്കും ഒടുവിലാണ് എട്ടുപേരുടെ പത്രിക തള്ളാൻ തീരുമാനിച്ചത്. നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച രേഖകളിലെ പേരായ്മയും പേരിലെ പ്രശ്നങ്ങളുമാണ് പത്രിക തള്ളാൻ കാരണം. ശ്യാം കെ. വിശ്വനാഥൻ, പി. മനോജ് കുമാർ, എസ്.പി. തുളസീധരൻ, പി. ബിജു, റെജി ചാക്കോ, കെ.കെ. താലിബ്, അജിത്ത് യൂസഫ്, എസ്.എം. റാഫി എന്നിവരുടെ നാമനിർദ്ദേശപത്രികയാണ് തളളിയത്. ഇക്കാര്യത്തിൽ ഇനി ചർച്ചയില്ലെന്ന് ചീഫ് റിട്ടേണിംഗ് ഓഫീസർ പോൾ ടി. ജോസഫ് വ്യക്തമാക്കി..

നാമ നിർദ്ദേശ പ്രതിക തള്ളുന്നതിനെതിരെ കഴിഞ്ഞ രണ്ടുദിവസമായി വലിയ തർക്കമുണ്ടായിരുന്നു. നിലവിലെ പ്രസിഡന്റ് നിസ്സാർ തളങ്കരയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ മുന്നണി, കെ.ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള മതേതര ജനാധിപത്യ മുന്നണി, മാത്തുക്കുട്ടി കടോണിന്റെ നേതൃത്വത്തിലുള്ള ഒന്നാം മുന്നണി എന്നിവയാണ് മത്സര രംഗത്തുള്ളത്. മുന്നണി നേതാക്കളുമായി ചർച്ച നടത്തിയ ശേഷമാണ് റിട്ടേണിംഗ് ഓഫീസർ തീരുമാനമെടുത്തത്.

സൂക്ഷമ പരിശോധനയ്ക്ക് ശേഷമാണ് അന്തിമ സ്ഥാനാർഥിപട്ടിക തള്ളിയത്. സെപ്റ്റംബർ ആറിന് രാവിലെ 8 മണിക്ക് വോട്ടെടുപ്പിന്റെ നടപടി ക്രമങ്ങൾ തുടങ്ങും. അന്നുവൈകിട്ട് 5 മണിക്ക് വോട്ടെപ്പ് അവസാനിക്കുകയും രാത്രിയോടെ ഫലം പ്രഖ്യാപിക്കുകയും ചെയ്യും.. പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി തുടങ്ങി ഏഴ് ഭാരവാഹികളേയും ഏഴ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളേയുമാണ് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുക. ഭൂരിപക്ഷം നേടുന്ന പാനലിന് 3 പേരെയും പ്രസിഡന്റിന് ഒരാളെയും മാനേജിംഗ് കമ്മിറ്റിയിലേയ്ക്ക് നാമനിർദ്ദേശം ചെയ്യാം.

Content Highlights: Chief Returning Officer Paul T. Joseph confirmed that the nomination papers of eight candidates were rejected following detailed scrutiny for the upcoming Sharjah Indian Association managing committee elections scheduled for September 6.