കേരളത്തിൽനിന്നു പുസ്തകങ്ങൾ കൊണ്ടുവരാൻ സഹായം; പ്രവാസികൾക്ക് കപ്പൽയാത്ര

സ്വപ്നങ്ങൾ വിശദീകരിച്ച് പുതിയ ഭരണസമിതി
ഷാർജ : പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി ഒട്ടേറെ പദ്ധതികളാണ് ഷാർജ ഇന്ത്യൻ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ വിജയിച്ച മതേതര ജനാധിപത്യ മുന്നണിയുടെ മുന്നിലുള്ളത്.
ദീർഘകാലം, ഹ്രസ്വകാലം എന്നിങ്ങനെ രണ്ടായി തിരിച്ചാണ് പദ്ധതികൾ നടപ്പാക്കുകയെന്ന് ജനറൽ സെക്രട്ടറി അഡ്വ. വൈ.എ. റഹീം പറഞ്ഞു. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് കേരളത്തിൽ നിന്നു പുസ്തകങ്ങൾകൊണ്ടുവരുന്നതും പ്രവാസി ക്ഷേമപെൻഷൻ ശക്തിപ്പെടുത്തലുമാണ് ഹ്രസ്വകാല പദ്ധതികളിൽ പ്രധാനം. ഹോർമൂസ് കടലിടുക്കിലെ സംഘർഷത്തെ തുടർന്ന് കപ്പൽ ഗതാഗതം തടസ്സപ്പെട്ടതിനാൽ കേരളത്തിലെ പ്രസാധകർ പുസ്തകങ്ങൾ കൊണ്ടുവരുന്നതിന് പ്രതിസന്ധി നേരിടുകയാണ്. വിമാനത്തിൽ കൊണ്ടുവരുന്നതിന് ഭാരിച്ച ചെലവ് വരും.
ഇതുപരിഹരിക്കാൻ ഇടപെടണമെന്ന് സംസ്ഥാന മുഖ്യമന്ത്രി വി.ഡി. സതീശനോട് ആവശ്യപ്പെട്ടതായി അഡ്വ. വൈ.എ. റഹീം വ്യക്തമാക്കി. കേരളത്തിൽനിന്നു സർവീസ് നടത്തുന്ന വിമാന കമ്പനികൾക്ക് സഹായം അഭ്യർഥിച്ചുകൊണ്ട് കത്തുനൽകാനും ആലോചനയുണ്ട്. പുസ്തകങ്ങളെ ഇഷ്ടപ്പെടുന്ന മുഖ്യമന്ത്രി വി.ഡി. സതീശനെ, ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മുഖ്യാതിഥിയായി കൊണ്ടുവരാനും ശ്രമിക്കും.
പ്രവാസി ക്ഷേമപെൻഷൻ തുക 3500-ൽനിന്നു വർധിപ്പിക്കുന്ന കാര്യവും മുഖ്യമന്ത്രിയുമായി വിശദമായി ചർച്ചചെയ്യും. ക്ഷേമ പെൻഷൻ അംശദായം അടയ്ക്കാത്തവർക്കായി നോർക്കയുമായി ചേർന്ന് പ്രത്യേക പരിപാടി സംഘടിപ്പിക്കും. പരമാവധി ആളുകളിൽനിന്നു അംശദായം പിരിച്ചെടുക്കാനുള്ള നടപടിയും പുതിയ ഭരണസമിതി സ്വീകരിക്കും.
വിമാനയാത്രാ നിരക്കിലെ അമിത നിരക്കിൽ ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് സഹായമായി ദുബായിൽനിന്നു കൊച്ചിയിലേക്ക് കപ്പൽ സർവീസ് തുടങ്ങാനുള്ള ചർച്ചകളും ആരംഭിച്ചിട്ടുണ്ട്. ആറുമാസത്തിനുള്ളിൽ കപ്പൽ സർവീസ് തുടങ്ങണമെന്നാണ് ആഗ്രഹം.
ആദ്യഘട്ടത്തിൽ കൊച്ചിയിലേക്കും പിന്നീട് വിഴിഞ്ഞം, ബേപ്പൂർ എന്നിവിടങ്ങളിലേക്കും സർവീസ് തുടങ്ങാനാണ് ആലോചന. കാർഗോ കമ്പനികൾ, പ്രവാസി നിക്ഷേപകർ എന്നിവരുടെ സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക.
16,000 കുട്ടികൾ പഠിക്കുന്ന ഷാർജ ഇന്ത്യൻ സ്കൂളിലെ വികസനപ്രവർത്തനങ്ങൾ, പ്രവാസി വിദ്യാർഥികൾക്ക് ഉന്നത പഠനത്തിനായി ഷാർജയിൽ കോളേജ്, പ്രവാസികൾക്ക് നിയമസഹായം ഉറപ്പാക്കാൻ പ്രത്യേക സംവിധാനം തുടങ്ങിയവയെല്ലാം ഭാവിയിൽ നടപ്പാക്കുമെന്നും അഡ്വ. വൈ.എ. റഹീം വിശദീകരിച്ചു.