അഡിഹെക്‌സ് സന്ദർശിച്ച് ശൈഖ് ഹംദാൻ

അബുദാബി : അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ (അഡ്‌നെക്) നടക്കുന്ന 23-ാമത് അബുദാബി അന്താരാഷ്ട്ര വേട്ടയാടൽ-കുതിരപ്പന്തയ പ്രദർശനം (അഡിഹെക്‌സ്- 2026) യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സന്ദർശിച്ചു.

രാജ്യത്തിന്റെ സമ്പന്നമായ പാരമ്പര്യവും സംസ്‌കാരവും സംരക്ഷിക്കുന്നതിനും അത് വരുംതലമുറകളിലേക്ക് പകർന്നു നൽകുന്നതിനും യു.എ.ഇ. ഭരണകൂടം നൽകുന്ന പ്രാധാന്യമാണ് ഇത്തരം അന്താരാഷ്ട്ര പ്രദർശനങ്ങൾ വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

‘‘യു.എ.ഇയുടെ പാരമ്പര്യം നമ്മുടെ ദേശീയ വ്യക്തിത്വത്തിന്റെ മൂലക്കല്ലാണ്. അത് സംരക്ഷിച്ചുനിർത്തുക എന്നത് പരമ്പരാഗതമായി തലമുറകളിലേക്ക് കൈമാറ്റംചെയ്യപ്പെടുന്ന വലിയൊരു ഉത്തരവാദിത്വമാണ്. നൂതന സാങ്കേതികവിദ്യകളും വിജ്ഞാനവും പ്രയോജനപ്പെടുത്തിക്കൊണ്ടുതന്നെ നമ്മുടെ പരമ്പരാഗത മൂല്യങ്ങളെയും പാരമ്പര്യത്തെയും സുരക്ഷിതമായി നിലനിർത്താൻ യു.എ.ഇ. പ്രതിജ്ഞാബദ്ധമാണ്’’- സന്ദർശനവേളയിൽ ശൈഖ് ഹംദാൻ വ്യക്തമാക്കി. ആധുനിക വ്യവസായങ്ങളെയും നൂതന സാങ്കേതികവിദ്യകളെയും പരമ്പരാഗത സംസ്‌കാരവുമായി കൂട്ടിയിണക്കുന്നതിൽ അഡിഹെക്സ് എക്സിബിഷൻ വലിയപങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.