അറബ് റീഡിങ് ചലഞ്ച് പത്താം പതിപ്പിൽ ഈജിപ്തിന്റെ മയാർ ഉസ്മാന് കിരീടം

പലസ്തീൻ, സൗദി അറേബ്യൻ പ്രതിഭകൾക്ക് രണ്ടും മൂന്നും സ്ഥാനങ്ങൾ
ദുബായ് : യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ആശയത്തിൽ ഉത്ഭവിച്ച അറബ് റീഡിങ് ചലഞ്ചിന്റെ പത്താം പതിപ്പിൽ ഈജിപ്ത് സ്വദേശിയായ മയാർ മുഹമ്മദ് റജബ് ഉസ്മാൻ വിജയിയായി കിരീടമണിഞ്ഞു. വ്യാഴാഴ്ച ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് വിജയിയെ പ്രഖ്യാപിച്ചത്. ഒന്നാംസ്ഥാനം കരസ്ഥമാക്കിയ മയാറിന് അഞ്ചുലക്ഷം ദിർഹമാണ് സമ്മാനത്തുകയായി ലഭിച്ചത്. പലസ്തീന്റെ ഗസൽ തൈം രണ്ടാം സ്ഥാനവും സൗദി അറേബ്യയുടെ റയാൻ അൽ സക്രി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
രണ്ടാംസ്ഥാനം നേടിയ ഗസൽ തൈമിന് ഒരു ലക്ഷം ദിർഹവും മൂന്നാംസ്ഥാനം നേടിയ റയാൻ അൽ സക്രിക്ക് 70,000 ദിർഹവും പുരസ്കാര തുകയായി ലഭിച്ചു. കേവലം സമ്മാനങ്ങൾ നേടുന്നതിലുപരി തങ്ങളുടെ ചിന്താരീതിയെയും വ്യക്തിത്വത്തെയും ആഴത്തിൽ സ്വാധീനിക്കാൻ വായനയ്ക്ക് സാധിച്ചുവെന്ന് വിജയികളായ കുരുന്നുകൾ പറഞ്ഞു. ചിന്തകളെ കൂടുതൽ വിശാലമാക്കാനും ആഴത്തിലുള്ള ധാരണകൾ രൂപപ്പെടുത്താനും അറബ് റീഡിങ് ചലഞ്ച് സഹായിച്ചതായി വിജയി മയാർ ഉസ്മാൻ മാധ്യമങ്ങളോട് വ്യക്തമാക്കി. തങ്ങളെപ്പോലുള്ള ലക്ഷക്കണക്കിന് കുട്ടികൾക്ക് അക്ഷരങ്ങളുടെലോകം തുറന്നുനൽകിയ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിനോട് വിജയികൾ നന്ദി രേഖപ്പെടുത്തി.
ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി 60 രാജ്യങ്ങളിൽ നിന്നുള്ള 4,02,86,428 വിദ്യാർഥികളാണ് ഇത്തവണ ചലഞ്ചിൽ പങ്കെടുത്തത്. മുൻവർഷത്തെ അപേക്ഷിച്ച് പങ്കാളിത്തത്തിൽ 24 ശതമാനത്തിന്റെ വൻ വർധനവാണ് രേഖപ്പെടുത്തിയത്. രാജ്യങ്ങളിലെ 1,38,426 വിദ്യാലയങ്ങളും 1,61,507 സൂപ്പർവൈസർമാരും മത്സരത്തിന്റെ ഭാഗമായി. ഭിന്നശേഷി വിഭാഗത്തിൽനിന്ന് മാത്രം 74,062 വിദ്യാർഥികൾ അണിനിരന്നു എന്നത് ഇത്തവണത്തെ പ്രത്യേകതയാണ്.
വിവിധ വിഭാഗങ്ങളിലായി മറ്റ് പ്രമുഖവിദ്യാർഥികളും ചടങ്ങിൽ ആദരിക്കപ്പെട്ടു. ലെബനന്റെ മനീസ ബിലാൽ അബു മഹ്മൂദ്, മൊറോക്കോയുടെ ഖദീജ ബൗംലിക്, ലിബിയയുടെ യാസ്മിൻ അബ്ദുൽഹമീദ് അൽ ബുട്ടി എന്നിവരും ഭിന്നശേഷി വിഭാഗത്തിൽ സിറിയയുടെ മഹ്മൂദ് ഒമ്രാനും പുരസ്കാരങ്ങൾനേടി. വിദേശ രാജ്യങ്ങളിലെ അറബ് കമ്മ്യൂണിറ്റി വിഭാഗത്തിൽ സ്വഹൈബ് മജ്ദും മികച്ച വിദ്യാലയത്തിനുള്ള പുരസ്കാരം ടുണീഷ്യയിലെ സിദി ആമർ പ്രൈമറി സ്കൂളും സ്വന്തമാക്കി. 2015-ൽ തുടക്കംകുറിച്ച അറബ് റീഡിങ് ചലഞ്ച്, അറബ് ഭാഷയുടെ ഉന്നമനത്തിനും പുതിയതലമുറയിൽ വായനാശീലം വളർത്തുന്നതിനുമുള്ള ആഗോള പ്ലാറ്റ്ഫോമായി മാറിയിരിക്കുകയാണ്.