ദുബായ് ഗ്ലോബൽ വില്ലേജിൽ വീണ്ടും വർണവിസ്മയം

വെടിക്കെട്ട് പുനരാരംഭിക്കുന്നു
ദുബായ് : സന്ദർശകരുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ദുബായ് ഗ്ലോബൽ വില്ലേജിൽ പ്രശസ്തമായ കരിമരുന്ന് പ്രയോഗങ്ങൾ ഈ വാരാന്ത്യത്തിൽ വീണ്ടും ആരംഭിക്കുന്നു.
ഈ വെള്ളിയാഴ്ചയും ശനിയാഴ്ചയും രാത്രി ഒൻപതു മണിക്കാണ് ആകാശത്ത് വർണവിസ്മയം തീർക്കുന്ന കരിമരുന്ന് പ്രയോഗങ്ങൾ നടക്കുക. പ്രാദേശിക സംഘർഷങ്ങളെത്തുടർന്ന് നിർത്തിവെച്ചതിനു ശേഷം ഇതാദ്യമായാണ് ഗ്ലോബൽ വില്ലേജ് കരിമരുന്ന് പ്രയോഗങ്ങൾ പുനരാരംഭിക്കുന്നത്.
സീസണിലുടനീളം പ്രധാന ആഘോഷങ്ങളോടും വിശേഷ ദിവസങ്ങളോടുമനുബന്ധിച്ച് കൂടുതൽ കരിമരുന്ന് പ്രയോഗങ്ങൾ സംഘടിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. കുടുംബങ്ങളെയും സന്ദർശകരെയും ആകർഷിക്കുന്ന ഗ്ലോബൽ വില്ലേജിന്റെ മുഖമുദ്രയായ ഈ വർണക്കാഴ്ച കാണാൻ വൻ ജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്.
വാരാന്ത്യ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നതിനായി ഫാൽക്കൺ സ്റ്റേജിൽ പുതിയ തത്സമയ സംഗീത പരിപാടികളും ഒരുക്കിയിട്ടുണ്ട്. തിങ്കൾ മുതൽ ബുധൻവരെയുള്ള പതിവ് പരിപാടികൾക്ക് പുറമേ വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ പ്രത്യേക സംഗീത വിരുന്നുകൾ അരങ്ങേറും. എല്ലാ ദിവസവും വൈകുന്നേരം 7.30-നും രാത്രി 10-നും ഇടയിൽ 40 മിനിറ്റ് വീതമുള്ള മൂന്ന് സെറ്റുകളിലായാണ് കലാകാരന്മാർ സംഗീത പരിപാടികൾ അവതരിപ്പിക്കുന്നത്. സാക്സഫോൺ, ഖാനൂൻ, ഊദ്, ഗിറ്റാർ എന്നിവയുടെ മാസ്മരിക സംഗീതമാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. കരിമരുന്ന് പ്രയോഗത്തോടൊപ്പം സന്ദർശകർക്ക് സായാഹ്നങ്ങൾ കൂടുതൽ ആസ്വാദ്യകരമാക്കാനാണ് ഈ പുതിയ സംഗീത പരിപാടി ലക്ഷ്യമിടുന്നത്.
ഈ വർഷം ഫെബ്രുവരി 28-ന് ആരംഭിച്ച പ്രാദേശിക സംഘർഷത്തെത്തുടർന്ന് ഗ്ലോബൽ വില്ലേജിന്റെ 30-ാം സീസൺ ഒരു മാസത്തിലധികം അടച്ചിടേണ്ടി വരുകയും സർക്കാർ നിർദേശപ്രകാരം ഈദുൽ ഫിത്തർ കരിമരുന്ന് പ്രയോഗങ്ങളും ഡ്രോൺ ഷോകളും റദ്ദാക്കുകയും ചെയ്തിരുന്നു. എന്നാൽ ഒക്ടോബർ 14-ന് ആരംഭിച്ച 31-ാം സീസൺ വൻ ആഘോഷങ്ങളോടെയാണ് മുന്നേറുന്നത്.
ദീപാവലിയോടനുബന്ധിച്ച് 600-ലധികം ഡ്രോണുകൾ അണിനിരന്ന പ്രത്യേക ഡ്രോൺ ഷോയും ‘ബൈഠക്’ സംഗീതവിരുന്നും ഇവിടെ അരങ്ങേറിയിരുന്നു. ഡിസംബർ ഒന്ന് മുതൽ മൂന്നുവരെ യു.എ.ഇ. ദേശീയ ദിനമായ ഈദ് അൽ ഇത്തിഹാദ് പ്രമാണിച്ച് പ്രത്യേക അലങ്കാരങ്ങൾ, റവാഹ്, ഹർബിയ, നദ്ബ, നുവൈഷാത്ത് എന്നീ പരമ്പരാഗത കലാരൂപങ്ങൾ, പ്രത്യേക ഡ്രോൺ ഷോ എന്നിവയും ഗ്ലോബൽ വില്ലേജിൽ നടക്കും.
90-ലധികം സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 29 പവിലിയനുകളും 3,500-ലധികം ഷോപ്പിങ് ഔട്ട്ലെറ്റുകളുമാണ് 31-ാം സീസണിൽ സന്ദർശകരെ കാത്തിരിക്കുന്നത്. സാഹസികത ഇഷ്ടപ്പെടുന്നവർക്കായി ‘ടോക്കിയോ റഷ്’ എന്ന പേരിൽ പുതിയ റോളർ കോസ്റ്ററും ഈ സീസണിൽ അവതരിപ്പിക്കും.
ആകെ 40,000-ത്തോളം കലാപരിപാടികളും ‘ഫാസ്റ്റ് ലൈവ് 2: ദ പോലീസ് സ്ട്രൈക്ക്സ് ബാക്ക്’ എന്ന പുതിയ ആക്ഷൻ സ്റ്റണ്ട് ഷോയും ഇത്തവണത്തെ പ്രധാന ആകർഷണങ്ങളാണ്.