പ്രൗഢിയുടെ പ്രതീകമായി അൽ ഐൻ മ്യൂസിയം

അബുദാബി : ചരിത്രവും സംസ്കാരവും ഇഷ്ടപ്പെടുന്നവർക്ക് അറിവും അനുഭവങ്ങളും പകർന്നു നൽകുന്ന രാജ്യത്തെ ഏറ്റവും പുരാതനമായ സാംസ്കാരിക കേന്ദ്രമാണ് അൽ ഐൻ മ്യൂസിയം. 1969-ൽ പ്രവർത്തനം ആരംഭിച്ച ഈ മ്യൂസിയം പൈതൃക സംരക്ഷണത്തിലും തലമുറകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലും സുപ്രധാന പങ്ക് വഹിക്കുന്നു. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പുള്ള ഇവിടുത്തെ ജനജീവിതത്തെക്കുറിച്ച് ആഴത്തിലുള്ള ഉൾക്കാഴ്ചയാണ് മ്യൂസിയം സന്ദർശകർക്ക് വാഗ്ദാനം ചെയ്യുന്നത്.

പുരാതന ജനതയുടെ കഥ പറയുന്ന രാജ്യത്തെ ആദ്യത്തെ മ്യൂസിയവും ഇതുതന്നെ. യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനാണ് മ്യൂസിയം തുറന്നത്. രാജ്യത്തിന്റെ പൈതൃകം രേഖപ്പെടുത്തിയും സമ്പന്നമായ പുരാവസ്തുക്കൾ സംരക്ഷിച്ചും പുതുതലമുറയ്ക്ക് പ്രാദേശിക ചരിത്രം പരിചയപ്പെടുത്തിയതും യു.എ.ഇ.യുടെ ഭൂപടത്തിൽ മ്യൂസിയം തലയെടുപ്പോടെ നിലകൊള്ളുന്നു. ഭൂതകാലത്തിന്റെ തെളിവുകൾ നഷ്ടപ്പെടാതിരിക്കാനാണ് മ്യൂസിയം നിർമിച്ചത്. വിപുലമായ പുരാവസ്തു ശേഖരങ്ങൾ, വൈവിധ്യമാർന്ന പ്രദർശനങ്ങൾ, വിദ്യാഭ്യാസ പരിപാടികൾ എന്നിവയിലൂടെയാണ് മ്യൂസിയം രാജ്യത്തിന്റെ കഥ പറയുന്നത്. വിവിധ കാലഘട്ടങ്ങളിലെ അൽ ഐനിലെ ജനജീവിതത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകുന്ന മൺപാത്രങ്ങൾ, കല്ലുകൊണ്ടുള്ള ഉപകരണങ്ങൾ, ആയുധങ്ങൾ, ആഭരണങ്ങൾ, നാണയങ്ങൾ തുടങ്ങിയ ഇതിൽ ഉൾപ്പെടുന്നു. അതിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് മരുഭൂമിയിൽ കൃഷി സാധ്യമാക്കിയ 'അഫ്‌ലജ്' എന്ന ജലസേചന സംവിധാനം. ഭൂഗർഭജലസ്രോതസ്സുകളെ ആശ്രയിച്ച് പ്രവർത്തിച്ചിരുന്ന അഫ്‌ലജ് മരുഭൂമിയിലെ ജലക്ഷാമം അതിജീവിക്കുന്നതിലും നിർണായകമായിരുന്നു. ചരിത്രപ്രസിദ്ധമായ സുൽത്താൻ കോട്ടയ്ക്കും അൽ ഐൻ ഒയാസിസിനും സമീപത്തായാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്. പ്രാദേശിക ചരിത്രം രേഖപ്പെടുത്താൻ താത്പര്യമുള്ള സന്ദർശകർക്ക് കൈവശമുള്ള പഴയ ചിത്രങ്ങളും ഓർമ്മകുറിപ്പുകളും മ്യൂസിയത്തിന് നൽകാനും അവസരമുണ്ട്. ചരിത്രം പഠിക്കാനും പങ്കിടാനുമുള്ള ഇടമായാണ് മ്യൂസിയം നിലകൊള്ളുന്നത്.