റാസൽഖൈമയിൽ ആധുനിക ജലഗതാഗത പദ്ധതി വരുന്നു പ്രഖ്യാപനം ദിവസങ്ങൾക്കുള്ളിൽ

റാസൽഖൈമ : കാറിൽ സഞ്ചരിക്കുന്നതിനേക്കാൾ വളരെ വേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്താൻ സഹായിക്കുന്ന നൂതന ജലഗതാഗത പദ്ധതി ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കാൻ റാസൽഖൈമ ഒരുങ്ങുന്നു. യാത്രാസമയം ഗണ്യമായി കുറയ്ക്കുകയും പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കുകയും ചെയ്യുന്ന ഈ പദ്ധതി, മേഖലയിൽ ആദ്യമായി നടപ്പാക്കുന്ന ഗതാഗത പരിഹാരങ്ങൾ ഉൾക്കൊള്ളുന്നതായിരിക്കും. 2030 വരെയുള്ള വിശാലമായ ഗതാഗത വികസന തന്ത്രത്തിന്റെ ഭാഗമായി റാസൽഖൈമയ്ക്കുള്ളിലും പുറത്തുമുള്ള യാത്രാബന്ധങ്ങൾ മെച്ചപ്പെടുത്താൻ ഈ സംരംഭം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

യാത്രാസമയം ഗണ്യമായി കുറയ്ക്കും

റാസൽഖൈമ എനർജി സമ്മിറ്റിനോടനുബന്ധിച്ച് സംസാരിക്കവെ, റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റിയിലെ സ്ട്രാറ്റജിക് പ്ലാനിങ് ആൻഡ് ഇൻവെസ്റ്റ്മെന്റ് വിഭാഗം ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുള്ള അൽ ഷർഹാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതിനൂതനമായ ജലഗതാഗത സേവനങ്ങളുമായി ബന്ധപ്പെട്ട കരാറുകൾ ഉടൻതന്നെ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. റോഡ് മാർഗമുള്ള യാത്രയെ അപേക്ഷിച്ച് യാത്രാസമയം ഗണ്യമായി കുറയ്ക്കാൻ പുതിയ സംവിധാനങ്ങൾക്ക് സാധിക്കുമെന്നും മേഖലയിൽ ഇത്തരമൊരു പദ്ധതി ഇതാദ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റാസൽഖൈമയ്ക്കുള്ളിലെ കേന്ദ്രങ്ങളെയും എമിറേറ്റിന് പുറത്തുള്ള സ്ഥലങ്ങളെയും ബന്ധിപ്പിക്കുന്ന ജലഗതാഗത പദ്ധതികളാണ് അതോറിറ്റി ആവിഷ്കരിക്കുന്നത്. താമസക്കാർക്കും സന്ദർശകർക്കും വേഗതയേറിയതും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കാനും ഗതാഗത മാർഗങ്ങൾ വൈവിധ്യവത്കരിക്കാനുമുള്ള തന്ത്രത്തിന്റെ ഭാഗമാണിത്. കൃത്യമായ റൂട്ടുകൾ, യാത്രാസമയം, പിന്നിലെ സാങ്കേതികവിദ്യ എന്നിവ നിലവിൽ പുറത്തുവിട്ടിട്ടില്ലെങ്കിലും അടുത്ത രണ്ട് മുതൽ മൂന്ന് ദിവസത്തിനുള്ളിൽ കൂടുതൽ വിവരങ്ങൾ പ്രഖ്യാപിക്കാനാകുമെന്ന് അൽ ഷർഹാൻ സൂചിപ്പിച്ചു.

ഫ്ലയിങ് ടാക്‌സി സർവീസ്

ജലഗതാഗത പദ്ധതികൾക്കൊപ്പം, 2027 മൂന്നാം പാദത്തിൽ ഫ്ലയിങ് ടാക്‌സി സർവീസുകൾ ആരംഭിക്കാനും റാസൽഖൈമ ലക്ഷ്യമിടുന്നുണ്ട്. അൽ മർജാൻ ദ്വീപിനെയും ജബൽ ജെയ്‌സിനെയും ബന്ധിപ്പിച്ചായിരിക്കും ആദ്യഘട്ട സർവീസ്. എമിറേറ്റിലെ വളർന്നുവരുന്ന ടൂറിസം, സാമ്പത്തിക മേഖലകളെ പിന്തുണയ്ക്കുന്നതിനും പുതിയ യാത്രാമാർഗങ്ങൾ അവതരിപ്പിക്കുന്നതിനുമുള്ള പ്രധാന സംരംഭങ്ങളിലൊന്നാണിതെന്ന് അൽ ഷർഹാൻ പറഞ്ഞു. ഫ്ലയിങ് ടാക്‌സി പ്രവർത്തനങ്ങൾക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ‘സ്‌കൈപോർട്‌സുമായി’ കരാർ ഒപ്പുവെച്ചിട്ടുണ്ട്. സ്റ്റേഷൻ രൂപകല്പന ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഈ രണ്ട് സ്ഥലങ്ങളിലായിരിക്കും ആദ്യഘട്ടം ശ്രദ്ധ കേന്ദ്രീകരിക്കുക. 2030-ലെ പദ്ധതികളുടെ ഭാഗമായി കൂടുതൽ സ്ഥലങ്ങൾ പരിഗണനയിലുണ്ട്. കൃത്യമായ യാത്രാസമയം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പരമ്പരാഗത ഗതാഗതസംവിധാനങ്ങളെ അപേക്ഷിച്ച് ഫ്ലയിങ് ടാക്‌സികൾ യാത്രാസമയം ഗണ്യമായി കുറയ്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ലക്ഷ്യം സംയോജിത ഗതാഗത ശൃംഖല

കര, ജല, വ്യോമ ഗതാഗത മാർഗങ്ങൾക്കപ്പുറം, സ്വകാര്യ കാറുകളെ മാത്രം ആശ്രയിക്കാതെ യാത്രക്കാർക്ക് വിവിധ സേവനങ്ങൾക്കിടയിൽ എളുപ്പത്തിൽ മാറിക്കയറാൻ കഴിയുന്ന സംയോജിത ഗതാഗത ശൃംഖലയാണ് അതോറിറ്റിയുടെ ദീർഘകാല ലക്ഷ്യം.

സൈക്കിളുകൾ, ഇലക്ട്രിക് സ്‌കൂട്ടറുകൾ തുടങ്ങിയ ചെറു യാത്രാമാർഗങ്ങൾ വിപുലീകരിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. അൽ നഖീലിൽ ഒരു പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്.

ഭാവിയിൽ ഇത് പ്രധാന ബസ് സ്റ്റേഷനുകളുമായി ബന്ധിപ്പിക്കും. വീടുകൾ, ജോലിസ്ഥലങ്ങൾ, പൊതുഗതാഗത കേന്ദ്രങ്ങൾ എന്നിവയ്ക്കിടയിൽ യാത്ര ചെയ്യാൻ സ്വയംനിയന്ത്രിത വാഹനങ്ങളും യാത്രക്കാരെ സഹായിക്കും.

ഉദാഹരണത്തിന്, ഒരു താമസക്കാരന് വീട്ടിൽനിന്ന് സൈക്കിളിലോ സ്വയംനിയന്ത്രിത വാഹനത്തിലോ ബസ് സ്റ്റേഷനിലെത്തുകയും അവിടെനിന്ന് പൊതുഗതാഗതം ഉപയോഗിച്ച് ജോലിസ്ഥലത്തേക്ക് പോകുകയും ചെയ്യാം. ലഭ്യമായ റൂട്ടുകൾ കാണാനും വിവിധ ഗതാഗത മാർഗങ്ങൾ ഉൾപ്പെടുത്തി യാത്ര ആസൂത്രണം ചെയ്യാനും തടസ്സമില്ലാതെ പണമടയ്ക്കാനും സാധിക്കുന്ന തരത്തിൽ ഡിജിറ്റൽ ആപ്ലിക്കേഷനുകൾ വഴി ഗതാഗത സേവനങ്ങൾ സംയോജിപ്പിക്കാനും അതോറിറ്റി പ്രവർത്തിച്ചുവരികയാണ്.

എങ്ങനെ ലക്ഷ്യസ്ഥാനത്തെത്താം, യാത്രയ്ക്ക് എത്ര സമയമെടുക്കും, സേവനം സുരക്ഷിതവും വിശ്വസനീയവുമാണോ എന്നീ മൂന്ന് ചോദ്യങ്ങൾ കേന്ദ്രീകരിച്ചാണ് ആസൂത്രണം നടത്തുന്നതെന്ന് അൽ ഷർഹാൻ വ്യക്തമാക്കി.

വിവിധ ഗതാഗത മാർഗങ്ങളെ ബന്ധിപ്പിക്കുന്നതിലൂടെ ദൈനംദിന യാത്രകൾക്ക് പൊതുഗതാഗതത്തെ കൂടുതൽ സൗകര്യപ്രദവും പ്രായോഗികവുമാക്കുകയാണ് ലക്ഷ്യം.