ദുബായ് ഗ്ലോബൽ വില്ലേജിൽ വർണാഭമായ ദീപാവലി ആഘോഷങ്ങൾ

ദുബായ് : ദീപാവലിയോട് അനുബന്ധിച്ച് ദുബായ് ഗ്ലോബൽ വില്ലേജിൽ അഞ്ച് ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾ സംഘടിപ്പിക്കും. അടുത്ത മാസം ആറ് മുതൽ 10 വരെ നീളുന്ന ആഘോഷങ്ങളുടെ ഭാഗമായി ഡ്രോൺ പ്രദർശനം, പരമ്പരാഗത ഇന്ത്യൻ കലാ, സാംസ്കാരിക പരിപാടികൾ, പ്രത്യേക വിപണി, കുട്ടികൾക്കായി വിനോദപരിപാടികൾ എന്നിവയുമുണ്ടാകും. നവംബർ എട്ടിന് രാത്രി എട്ടുമണിക്കാണ് കണ്ണഞ്ചിപ്പിക്കുന്ന ഡ്രോൺ പ്രദർശനം സംഘടിപ്പിക്കുക. 'ദീപങ്ങളുടെ ഉത്സവം' എന്ന പ്രമേയത്തിൽ സ്റ്റണ്ട് അരീനയ്ക്കും സിറിയ പവിലിയനും മുകളിലായി ഡ്രോണുകൾ തെളിയും. ദക്ഷിണേന്ത്യൻ പാരമ്പര്യവുമായി ബന്ധപ്പെട്ട 'ബൈത്തക്' ആദ്യമായി ഗ്ലോബൽ വില്ലേജിൽ അവതരിപ്പിക്കും. നവംബർ ആറിന് രാത്രി എട്ടുമണിമുതൽ ഒൻപത് മണിവരെ പ്രധാന വേദിയിൽ സന്ദർശകർക്ക് കലാകാരന്മാർക്കൊപ്പം പാടാനും സംവദിക്കാനുമുള്ള അവസരം ലഭിക്കും.
നവംബർ ഏഴിന് ആകർഷകമായ സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒട്ടേറെ ഗെയിമുകളുമുണ്ടാകും. ഇന്ത്യൻ പവിലിയന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'ദീപാവലി മേള'യിൽ പരമ്പരാഗത അലങ്കാരങ്ങൾ, സമ്മാനങ്ങൾ, മധുര പലഹാരങ്ങൾ എന്നിവയുണ്ടാകും. കുട്ടികൾക്ക് ദീപങ്ങൾ അലങ്കരിക്കാനും രംഗോലി വരയ്ക്കാനും ഫേസ് പെയിന്റിങ്ങിനും സൗകര്യമൊരുങ്ങും.
സന്ദർശകർക്ക് ചിത്രങ്ങളെടുക്കാൻ 'ഹാപ്പി ദീപാവലി' എന്നെഴുതിയ ബോർഡുകളും സ്ഥാപിക്കും.
വിവിധ തരം ഇന്ത്യൻ ഭക്ഷണ വിഭവങ്ങളുമായി ഇന്ത്യൻ ഷെഫ്, ഗ്രാൻഡ് ധാബ എന്നീ റസ്റ്ററന്റുകളും ഫുഡ് സ്ട്രീറ്റും ആഘോഷദിനങ്ങളിൽ സജീവമാകുമെന്നും അധികൃതർ വ്യക്തമാക്കി.