ദുബായ് റൈഡ് ഇന്ന് ആരോഗ്യ ട്രാക്കിലേക്ക് കുതിക്കാൻ ആയിരങ്ങളെത്തും

ദുബായ് : ആരോഗ്യ ട്രാക്കിലേക്ക് സൈക്കിളുകളുമായി ആയിരങ്ങൾ ഞായറാഴ്ച ദുബായ് റൈഡിന്റെ ഭാഗമാകും. ഒരു മാസം നീളുന്ന ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ (ഡി.എഫ്.സി.) ഭാഗമായുള്ള ആദ്യത്തെ പ്രധാനപ്പെട്ട പരിപാടിയാണിത്. ദൈനംദിന ജീവിതത്തിൽ വ്യായാമത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുകയാണ് വാർഷിക പരിപാടിയുടെ ലക്ഷ്യം. ഓരോ മണിക്കൂറിലും ആയിരക്കണക്കിന് വാഹനങ്ങൾ ചീറിപ്പായുന്ന ദുബായ് ശൈഖ് സായിദ് റോഡ് ഞായറാഴ്ച രാവിലെ അക്ഷരാർഥ ത്തിൽ സൈക്ലിങ് ട്രാക്കാകും. പരിചയസമ്പന്നരായ സൈക്ലിസ്റ്റുകൾക്ക് ശൈഖ് സായിദ് റോഡിലൂടെയുള്ള 12 കിലോമീറ്റർ റൂട്ടിലും കുട്ടികൾക്കും കുടുംബങ്ങൾക്കും തുടക്കക്കാർക്കും നാലു കിലോമീറ്റർ ഡൗൺ ടൗൺ ഫാമിലി റൂട്ടിലൂടെയും സൈക്കിൾ ചവിട്ടാം. പങ്കെടുക്കുന്നവർക്ക് ബിബ് നമ്പർ ഉണ്ടായിരിക്കണം. അല്ലാത്തവർക്ക് റൂട്ടുകളിലേക്ക് പ്രവേശനം അനുവദിക്കില്ല.

രാവിലെ ആറുമണിക്ക് പരിപാടി തുടങ്ങും. സൈക്ലിങ് റൂട്ടുകൾ 6.15-ന് തുറക്കും. എല്ലാവരും രാവിലെ 7.30-നകം യാത്രകൾ തുടങ്ങണം. രാവിലെ എട്ടുമണിയോടെ രണ്ടു റൂട്ടുകളിലേക്കുള്ള പ്രവേശനവും അടയ്ക്കും. റൈഡിനോട് അനുബന്ധിച്ച് എമിറേറ്റിലെ മൂന്നു പ്രധാന റോഡുകൾ ആറരമണിക്കൂർ അടച്ചിടുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) അധികൃതർ അറിയിച്ചു. പുലർച്ചെ മൂന്നു മുതൽ രാവിലെ ഒൻപതര വരെയാണ് റോഡുകൾ അടച്ചിടുക. ട്രേഡ് സെന്റർ ജങ്‌ഷനും അൽ സഫ ബ്രിഡ്ജിനും ഇടയിലുള്ള ശൈഖ് സായിദ് റോഡ്, അൽ ഖൈൽ റോഡിനും ശൈഖ് സായിദ് റോഡിനുമിടയിലെ ലോവർ ഫിനാൻഷ്യൽ സ്ട്രീറ്റ്, ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡിന്റെ ഒരുദിശ എന്നിവയാണ് താത്കാലികമായി അടച്ചിടുക.

വാഹനയാത്രക്കാർക്ക് അപ്പർ ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റ്, സബീൽ പാലസ് റോഡ്, അൽ വാസൽ റോഡ്, അൽ ഖൈൽ റോഡ് എന്നീ ബദൽ പാതകൾ ഉപയോഗിക്കാം. ലക്ഷ്യസ്ഥാനങ്ങളിലേക്കെത്താൻ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യുകയും ഗതാഗത അടയാളങ്ങളും നിർദേശങ്ങളും പാലിക്കുകയും വേണം. റൈഡിൽ പങ്കെടുക്കുന്നവർക്ക് മികച്ച യാത്രാസൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് ദുബായ് മെട്രോയുടെ പ്രവർത്തനസമയം പുലർച്ചെ മൂന്നു മുതൽ അർധരാത്രിവരെ നീട്ടിയിട്ടുമുണ്ട്.

മെട്രോ ഉപയോക്താക്കൾ നോൽ കാർഡിൽ മതിയായ ബാലൻസുണ്ടെന്ന് ഉറപ്പാക്കണം. ഏറ്റവും കുറഞ്ഞത് 30 ദിർഹമുണ്ടായിരിക്കണം.

ലോകത്തെ ഏറ്റവും സജീവമായ നഗരങ്ങളിലൊന്നാവുകയെന്ന എമിറേറ്റിന്റെ കാഴ്ചപ്പാടിന് അനുസൃതമാണ് ഫിറ്റ്‌നസ് ചലഞ്ച് സംഘടിപ്പിക്കുന്നത്.

ആരോഗ്യകരമായ ജീവിതശൈലിയ്ക്കായി 30 ദിവസത്തിൽ 30 മിനിറ്റ് വ്യായാമം പ്രചോദിപ്പിക്കുകയാണ് വാർഷിക പരിപാടിയുടെ ലക്ഷ്യം. യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2017-ലാണ് ഡി.എഫ്.സി. ആരംഭിച്ചത്. ദുബായ് റൈഡിനു പുറമേ ദുബായ് റൺ, ദുബായ് സ്റ്റാൻഡ് അപ്പ് പാഡൽ, ദുബായ് യോഗ എന്നിങ്ങനെ നാല് പ്രധാന കായികപരിപാടികളാണ് ഡി.എഫ്.സി.യുടെ ഭാഗമായുള്ളത്. ദുബായ് സ്റ്റാൻഡ്-അപ്പ് പാഡൽ നവംബർ ഏഴ്, എട്ട് തീയതികളിൽ ഹത്ത അണക്കെട്ടിൽ സംഘടിപ്പിക്കും. കായിക പ്രേമികൾ ഒരുപോലെ ആകാംഷയോടെ കാത്തിരിക്കുന്ന ദുബായ് റൺ നവംബർ 22-നും ദുബായ് യോഗ 29-നും നടക്കും. പ്രധാന പരിപാടികൾക്ക് പുറമേ സൗജന്യ ഫിറ്റ്‌നസ് വില്ലേജുകളും കമ്യൂണിറ്റി ഫിറ്റ്‌നസ് ഹബ്ബുകളും സജീവമാകുന്നുണ്ട്.നഗരത്തിൽ ഗതാഗത നിയന്ത്രണം

ദുബായ് മെട്രോ പ്രവർത്തനസമയം നീട്ടി ദുബായ് റൈഡ് (ഫയൽ ചിത്രം)