ഹത്തയിലെ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തി ശൈഖ് മുഹമ്മദ്

ദുബായ് : ഹത്തയിലെ സാമ്പത്തിക, സാമൂഹിക, വിനോദസഞ്ചാര വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തി യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായ് 2040 അർബൻ മാസ്റ്റർ പദ്ധതിയുടെ ഭാഗമായുള്ള ഹത്ത മാസ്റ്റർ ഡിവലപ്മെന്റ് പ്ലാനിന്റെ ഭാഗമായാണ് വിവിധ പദ്ധതികൾ പുരോഗമിക്കുന്നത്. 2021-ൽ ശൈഖ് മുഹമ്മദാണ് ഹത്തയുടെ മുഖച്ഛായ മാറ്റാൻ ലക്ഷ്യമിട്ടുള്ള വികസന പദ്ധതികൾ പ്രഖ്യാപിച്ചത്.
ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനൊപ്പം വർഷത്തിലുടനീളം സന്ദർശിക്കാവുന്ന സുസ്ഥിര വിനോദസഞ്ചാരകേന്ദ്രമെന്ന നിലയിൽ ഹത്തയുടെ പദവി കൂടുതൽ ശക്തമാക്കാനുമാണ് പദ്ധതികൾ നടപ്പാക്കുന്നത്. ജനങ്ങളിൽ നിക്ഷേപം നടത്തിയും അവർക്ക് വളരാനും വിജയിക്കാനുമുള്ള സാഹചര്യങ്ങൾ ഒരുക്കിയും കൂടുതൽ സമൃദ്ധമായ ഭാവി കെട്ടിപ്പടുക്കാൻ സാധിക്കുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
കാര്യക്ഷമവും വിശ്വസനീയവുമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടത് അനിവാര്യമാണ്. എല്ലാ മേഖലകളിലും വികസന പദ്ധതികൾ നടപ്പാക്കുന്നതിനും പ്രാദേശിക സമൂഹത്തെ ശാക്തീകരിക്കുന്നതിനും രാജ്യത്തിന്റെ വികസനത്തിൽ പൗരരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമാണ് മുൻഗണന നൽകുന്നത്. സുസ്ഥിരവളർച്ച കൈവരിക്കുന്നതിന് പ്രാദേശിക പ്രതിഭകളെയും വിഭവങ്ങളെയും മികച്ച രീതിയിൽ ഉപയോഗിക്കണം. യു.എ.ഇ.യുടെ മനുഷ്യകേന്ദ്രീകൃത വികസന മാതൃകയാണ് പ്രവർത്തനങ്ങളിൽ വ്യക്തമാകുന്നത്. ജനങ്ങളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്ത്. സാംസ്കാരിക പൈതൃകത്താലും പ്രകൃതിസൗന്ദര്യത്താലും അതീവ പ്രാധാന്യമുള്ള പ്രദേശങ്ങളിലൊന്നാണ് ഹത്ത.
പുതിയ വളർച്ചാ അവസരങ്ങൾ നൽകും
നിലവിലെ വികസന പ്രവർത്തനങ്ങൾ പ്രദേശവാസികൾക്ക് പുതിയ വളർച്ചാ അവസരങ്ങൾ നൽകുന്നുണ്ടെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. ഹത്തയിലെ നിക്ഷേപ അവസരങ്ങൾ വർധിപ്പിക്കാനും സ്വകാര്യ മേഖലയുടെ പങ്കാളിത്തം വിപുലീകരിക്കാനും അദ്ദേഹം അധികൃതർക്ക് നിർദേശം നൽകി. സാമൂഹിക ഇടപെടലുകൾ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഹത്ത മജ്ലിസ് എന്ന പൊതുയിടം സന്ദർശിക്കുകയും ചെയ്തു.
140 കോടി ദിർഹം ചെലവിൽ നിർമിച്ച ദേവയുടെ ജലവൈദ്യുത നിലയത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു. ഗൾഫ് മേഖലയിലെ ഇത്തരത്തിലുള്ള ആദ്യത്തെ പദ്ധതിയാണിത്. 250 മെഗാവാട്ട് ഉത്പാദന ശേഷിയും 1500 മെഗാവാട്ട് മണിക്കൂർ സംഭരണ ശേഷിയുമുള്ള പുതിയ നിലയം 80 വർഷം സേവനങ്ങൾ നൽകും.
ഹജർ പർവതനിരകളിലെ സുഹൈല പുരാവസ്തു കേന്ദ്രത്തിൽനിന്നും കണ്ടെടുത്ത പുരാവസ്തുക്കൾ പരിശോധിച്ച അദ്ദേഹം മുഹമ്മദ് ബിൻ റാഷിദ് ഹൗസിങ് എസ്റ്റാബ്ലിഷ്മെന്റ് വികസിപ്പിച്ച 213 വില്ലകൾ ഉൾപ്പെടുന്ന മക്കാൻ രണ്ട് എന്ന ഭവന പദ്ധതിയും സന്ദർശിച്ചു. അടുത്ത മാസം അവസാനത്തോടെ ഭവന യൂണിറ്റുകൾ കൈമാറാനാണ് ലക്ഷ്യമിടുന്നത്.
ശൈഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തി
ഹത്തയിലെ സാമൂഹിക നേതാക്കൾ, സംരംഭകർ, പൗരർ എന്നിവരുമായി സന്ദർശന വേളയിൽ അദ്ദേഹം കൂടിക്കാഴ്ച നടത്തി. വികസന പദ്ധതികളെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും ശ്രദ്ധിക്കുകയും ചെയ്തു. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ വഴികളും ചർച്ച ചെയ്തു. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെയും (ആർ.ടി.എ) ഹത്ത വികസന മേൽനോട്ട സമിതിയുടെ ചെയർമാനുമായ മത്തർ അൽ തായർ, ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ സഈദ് മുഹമ്മദ് അൽ തായർ, ദുബായ് സാമ്പത്തിക, വിനോദസഞ്ചാര വകുപ്പ് ഡയറക്ടർ ജനറൽ ഹെലാൽ സഈദ് അൽ മർറി, ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജനറൽ ഒമർ ബുഷഹാബ് എന്നിവരുൾപ്പെടെ ഒട്ടേറെ ഉന്നത ഉദ്യോഗസ്ഥരും ശൈഖ് മുഹമ്മദിന്റെ ഒപ്പമുണ്ടായിരുന്നു.
വിനോദസഞ്ചാരം, വിനോദം, വാണിജ്യം എന്നിവ സമന്വയിക്കുന്ന ഹത്ത ബീച്ച് പദ്ധതി, ഹത്ത ഡിസ്ട്രിക്ട് പദ്ധതി, ഹത്ത ഹോട്ടൽ ആൻഡ് റിസോർട്ട് പദ്ധതി, ഹത്ത സർവീസ് സെന്റർ എന്നിവയെക്കുറിച്ച് മത്തർ അൽ തായർ വിശദീകരിച്ച് നൽകി. ഇമിറാത്തി പൗരർക്കായുള്ള പാർപ്പിട പദ്ധതി, ഹത്ത വെഡിങ് ഹാൾ, ഉം അൽ നസൂർ, മൗണ്ടൻ ഹൈക്കിങ് ട്രയൽ എന്നിവയുടെ നിർമാണങ്ങളും പദ്ധതിയിൽ ഉൾപ്പെടുന്നു.
ഭാവി ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിപുലമായ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ആറ് മൊബിലിറ്റി ഹബ്ബുകൾ, റോഡ് നവീകരണം, സൈക്ലിങ് ട്രാക്കുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ദുബായ് മാളിൽനിന്ന് ഹത്തയിലേക്ക് നേരിട്ട് ഗതാഗത സൗകര്യങ്ങൾ ലഭ്യമാക്കാൻ ഹത്ത എക്സ്പ്രസ് ആരംഭിക്കാനും ആർ.ടി.എ.യ്ക്ക് പദ്ധതിയുണ്ട്.