ലൂവ്ര് അബുദാബിയിൽ ‘ലിവിങ് ലെഗസീസ്’ പ്രദർശനം തുടങ്ങി

അബുദാബി : പ്രതിസന്ധികൾക്കും സംഘർഷങ്ങൾക്കും പ്രകൃതിദുരന്തങ്ങൾക്കിടയിലും സാംസ്കാരിക പൈതൃക സംരക്ഷണ പ്രവർത്തനങ്ങളെക്കുറിച്ച് നേർക്കാഴ്ച നൽകാൻ ലൂവ്ര് അബുദാബിയിൽ ‘ലിവിങ് ലെഗസീസ്’ പ്രദർശനം തുടങ്ങി. വിവിധ സംഘടനകൾ, സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവയിൽനിന്നുള്ള 50-ലേറെ വസ്തുക്കൾ പ്രദർശനത്തിലുണ്ട്. പൈതൃക സംരക്ഷണം ഭാവിതലമുറകൾക്കായുള്ള ഒരു നിക്ഷേപമാണെന്ന് അബുദാബി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് പറഞ്ഞു.

സമൂഹത്തെ അതിന്റെ വേരുകളുമായി ബന്ധിപ്പിക്കുന്നതിൽ പ്രദർശനം നിർണായക പങ്കുവഹിക്കുന്നു. പൈതൃക സംരക്ഷണം കൂട്ടായ ഉത്തരവാദിത്വമാണ്. ലോകരാജ്യങ്ങൾ തമ്മിലുള്ള ഐക്യദാർഢ്യത്തെയാണ് ഇത് അടയാളപ്പെടുത്തുന്നതെന്നും അൽ മുബാറക് പറഞ്ഞു. ഏഴ് വ്യത്യസ്ത വിഷയങ്ങൾ കേന്ദ്രീകരിച്ചാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്. ബെയ്റൂട്ട്, അഫ്ഗാനിസ്താൻ, കംബോഡിയ, ലെബനൻ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ കാലഘട്ടങ്ങളെ അടയാളപ്പെടുത്തുന്ന വസ്തുക്കൾ ലൂവ്ര് അബുദാബിയിൽ കാണാം. ഗ്ലാസ് പാത്രങ്ങൾ, വിഗ്രഹം, വസ്ത്രം എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. പ്രഭാഷണങ്ങൾ, ഗൈഡഡ് ടൂറുകൾ, കലാ ശില്പശാലകൾ, സംവേദനാത്മക പ്രദർശനങ്ങൾ എന്നിവയും സംഘടിപ്പിക്കും. സാംസ്കാരിക പൈതൃക സംരക്ഷണവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുന്നതിൽ ലൂവ്ര് അബുദാബി വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് ലൂവ്ര് അബുദാബി മേധാവി ഡോ. സൗരയ നൗജിം പറഞ്ഞു. അടുത്തവർഷം ഏപ്രിൽ 27 വരെ പ്രദർശനം തുടരും.