1990 ലോകകപ്പ് ടീമിലെ താരങ്ങളെ ആദരിച്ച് യു.എ.ഇ. പ്രസിഡന്റ്

അബുദാബി : 1990-ൽ ഇറ്റലിയിൽ നടന്ന ലോകകപ്പ് ഫുട്‌ബോളിൽ യു.എ.ഇ.യെ പ്രതിനിധീകരിച്ച ദേശീയ ടീം അംഗങ്ങളെയും താരങ്ങളെയും യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു.

രാജ്യത്തിന്റെ കായിക ചരിത്രത്തിൽ സുവർണ അധ്യായം എഴുതിച്ചേർത്ത തലമുറയോടുള്ള ആദരസൂചകമായാണ് അബുദാബിയിൽ ഈ കൂടിക്കാഴ്ച സംഘടിപ്പിച്ചത്. അന്താരാഷ്ട്ര കായിക വേദികളിൽ യു.എ.ഇ.യുടെ ദേശീയപതാക ഉയർത്താൻ പരിശ്രമിച്ച കായികതാരങ്ങളോടുള്ള സ്‌നേഹവും മതിപ്പും വ്യക്തമാക്കുന്നതാണ് പ്രസിഡന്റിന്റെ ഈ നടപടിയെന്ന് യു.എ.ഇ. ഫുട്‌ബോൾ അസോസിയേഷൻ അറിയിച്ചു.

യു.എ.ഇ.യിൽ കായിക മേഖലയ്ക്ക് എപ്പോഴും മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന് യു.എ.ഇ. ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് ശൈഖ് ഹംദാൻ ബിൻ മുബാറക് അൽ നഹ്യാൻ പറഞ്ഞു. രാഷ്ട്ര നിർമാണത്തിൽ കായികരംഗത്തിനുള്ള സുപ്രധാന പങ്ക് തിരിച്ചറിഞ്ഞ് അസാധാരണമായ പിന്തുണയാണ് ശൈഖ് മുഹമ്മദ് നൽകുന്നത്.

1990-ൽ രാജ്യത്തിനായി നേട്ടം കൊയ്ത താരങ്ങളെ ആദരിച്ചതിലൂടെ, ദേശീയ നേട്ടങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവർ എപ്പോഴും രാജ്യത്തിന്റെയും ഭരണാധികാരികളുടെയും മനസ്സിലുണ്ടാകുമെന്നാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഭരണനേതൃത്വത്തിന്റെ ഈ കരുതൽ നിലവിലെ കളിക്കാർക്കും ഭാവിയിലെ കായികതാരങ്ങൾക്കും വലിയ പ്രചോദനമാകുമെന്നും കൂടുതൽ കായിക നേട്ടങ്ങളിലേക്ക് യു.എ.ഇ.യെ നയിക്കാൻ ഇത് ഊർജം പകരുമെന്നും ശൈഖ് ഹംദാൻ ചൂണ്ടിക്കാട്ടി.