നിർത്തിയിട്ട ട്രക്കിലേക്ക് കാർ ഇടിച്ചുകയറി രണ്ടുമരണം

അപകടം ഫുജൈറയിൽ

രണ്ടുപേർക്ക് ഗുരുതര പരിക്ക്

ഫുജൈറ : ഫുജൈറ-ഖോർഫക്കാൻ റോഡിൽ തിങ്കളാഴ്ച അർധരാത്രിയിലുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിക്കുകയും രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയുംചെയ്തു. റോഡരികിൽ നിർത്തിയിട്ടിരുന്ന കൂറ്റൻ ട്രക്കിലേക്ക് ഇവർ സഞ്ചരിച്ചിരുന്ന കാർ അതിവേഗത്തിൽ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.

28 വയസ്സുള്ള യു.എ.ഇ. സ്വദേശിയും 16 വയസ്സുള്ള അറബ് വംശജനുമാണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്. പരിക്കേറ്റ രണ്ടുപേരെ അടിയന്തര വൈദ്യസഹായത്തിനായി ഫുജൈറയിലെ ശൈഖ് ഖലീഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ തന്നെ ഫുജൈറ പോലീസിന്റെ ട്രാഫിക് വിഭാഗവും നാഷണൽ ആംബുലൻസ് സംഘവും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. ഫുജൈറ പോലീസ് ട്രാഫിക് ആൻഡ് പട്രോൾസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറും ട്രാഫിക് ആൻഡ് ലൈസൻസിങ് സർവീസസ് സെന്റർ തലവനുമായ ബ്രിഗേഡിയർ സാലിഹ് മുഹമ്മദ് അബ്ദുള്ള അൽ ധഹാനിയാണ് അപകട വിവരങ്ങളും തുടർന്നുള്ള അന്വേഷണ നടപടികളും മാധ്യമങ്ങളെ അറിയിച്ചത്. ദുരന്തത്തിന്റെ യഥാർഥകാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രാത്രികാലങ്ങളിൽ വാഹനം ഓടിക്കുമ്പോൾ ഡ്രൈവർമാർ കർശനജാഗ്രത പാലിക്കണമെന്ന് ബ്രിഗേഡിയർ അൽ ധഹാനി മുന്നറിയിപ്പുനൽകി. ഫുജൈറയിലെ പാതയോരങ്ങളിലും ട്രാഫിക് ലൈനുകൾക്കുസമീപവും ദീർഘനേരം നിർത്തിയിടുന്ന ട്രക്കുകൾ വൻ അപകട ഭീഷണിയാണ് സൃഷ്ടിക്കുന്നത്. റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളെയും മറ്റ് തടസ്സങ്ങളെയും മുൻകൂട്ടി കാണാനും പെട്ടെന്ന് പ്രതികരിക്കാനും ഡ്രൈവർമാർ തയ്യാറായിരിക്കണം. വേഗം കുറയ്ക്കുക, സുരക്ഷിതമായ അകലം പാലിക്കുക, പെട്ടെന്നുള്ള ലെയ്ൻ മാറ്റങ്ങൾ പൂർണമായും ഒഴിവാക്കുക എന്നിവ റോഡ് സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്.

വാഹനം ഓടിക്കുന്നതിനിടയിലെ മൊബൈൽ ഫോൺ ഉപയോഗവും ശ്രദ്ധതിരിക്കുന്ന മറ്റു കാര്യങ്ങളുമാണ് പലപ്പോഴും ഇത്തരത്തിലുള്ള ദാരുണദുരന്തങ്ങൾക്ക് വഴിവെക്കുന്നത്. ഏതാനും സെക്കൻഡുകളുടെ ശ്രദ്ധക്കുറവുപോലും ഡ്രൈവറുടെ പ്രതികരണശേഷി ഇല്ലാതാക്കുമെന്നും പ്രത്യേകിച്ചും ചരക്ക് ട്രക്കുകൾ വലിയ തോതിൽ സഞ്ചരിക്കുന്ന പാതകളിൽ ഇത് മാരകമായ അപകടങ്ങൾക്ക് കാരണമാകുമെന്നും പോലീസ് വ്യക്തമാക്കി.