പ്രധാനപ്പെട്ട അഞ്ചു റോഡുകളിൽ പുതിയ വേഗപരിധി പ്രഖ്യാപിച്ച് ആർ.ടി.എ.

ദുബായ് : ദുബായിലെ പ്രധാനപ്പെട്ട അഞ്ചു പ്രധാന റോഡുകളിൽ പുതിയ വേഗപരിധി പ്രഖ്യാപിച്ച് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.). ദുബായ് പോലീസുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഈ പുതിയ വേഗപരിധി നിബന്ധനകൾ അടുത്തമാസം ഒന്നു മുതൽ നിലവിൽവരും.

ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനുമായി മൂന്ന് റോഡുകളിൽ വേഗപരിധി ഉയർത്തുകയും രണ്ട് റോഡുകളിൽ പരിധി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതത്തിന് ഈ മാറ്റങ്ങൾ ഒരുപോലെ ബാധകമായിരിക്കും.

വേഗപരിധി കൂട്ടിയ റോഡുകളിൽ അൽ അസായൽ സ്ട്രീറ്റിൽ ഊദ് മേത്ത സ്ട്രീറ്റിനും അൽ മെയ്ദാൻ സ്ട്രീറ്റിനും ഇടയിലുള്ള ഭാഗത്ത് മുൻപുണ്ടായിരുന്ന മണിക്കൂറിൽ 60 കിലോമീറ്റർ എന്നത് 80 കിലോമീറ്ററായി ഉയർത്തിയിട്ടുണ്ട്. ശൈഖ് റാഷിദ് സ്ട്രീറ്റിനും അൽ മെയ്ദാൻ സ്ട്രീറ്റിനും ഇടയിലുള്ള അൽ മുസ്തഖ്ബൽ സ്ട്രീറ്റ്, ശൈഖ് സായിദ് റോഡിനും അൽ ഖൈൽ റോഡിനും ഇടയിലുള്ള ലത്തീഫ ബിന്ത് ഹംദാൻ സ്ട്രീറ്റ് എന്നിവിടങ്ങളിൽ വേഗപരിധി മണിക്കൂറിൽ 60 കിലോമീറ്ററിൽനിന്ന് 70 കിലോമീറ്ററായും ഉയർത്തി.

അതേസമയം, കാൽനടയാത്രക്കാരുടെയും മറ്റു വാഹനങ്ങളുടെയും സുരക്ഷ മുൻനിർത്തി മർകേഷ് സ്ട്രീറ്റിനും ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനും ഇടയിലുള്ള അൽ റെബാത് സ്ട്രീറ്റിൽ വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്ററിൽനിന്ന് 90 കിലോമീറ്ററായി കുറച്ചിട്ടുണ്ട്. സെക്കൻഡ് ഡിസംബർ സ്ട്രീറ്റിനും ഖാലിദ് ബിൻ അൽ വലീദ് സ്ട്രീറ്റിനും ഇടയിലുള്ള ശൈഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് സ്ട്രീറ്റിൽ പരിധി മണിക്കൂറിൽ 80-ൽ നിന്ന് 70 കിലോമീറ്ററായും പുനഃക്രമീകരിച്ചു.

അന്താരാഷ്ട്ര വിദഗ്ദ്ധരുടെ പങ്കാളിത്തത്തോടെ മുൻ മാസങ്ങളിൽ നടത്തിയ വിപുലമായ എഞ്ചിനിയറിങ്, സാങ്കേതിക പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ആർ.ടി.എ. ഈ നിർണായക മാറ്റങ്ങൾ വരുത്തിയത്. വാഹനങ്ങളുടെ എണ്ണം, റോഡിന്റെ രൂപകല്പന, കെട്ടിടങ്ങളുടെയും വാണിജ്യ കേന്ദ്രങ്ങളുടെയും സാന്നിധ്യം, യഥാർഥ വാഹന വേഗം തുടങ്ങിയ സാങ്കേതിക മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് തീരുമാനം.

പുതിയ വേഗപരിധി നിലവിൽ വരുന്നതിന് മുന്നോടിയായി ബന്ധപ്പെട്ട റോഡുകളിലെ വേഗം അടയാളപ്പെടുത്തുന്ന ബോർഡുകൾ മാറ്റുന്നതിനൊപ്പം ട്രാഫിക് ക്യാമറകളും റഡാറുകളും പുതിയ വേഗത്തിനനുസരിച്ച് പുനഃക്രമീകരിക്കുമെന്നും ആർ.ടി.എ. വ്യക്തമാക്കി.