ഷാർജ സഫാരിയുടെ അഞ്ചാം സീസൺ ഇന്നുമുതൽ

ഷാർജ : ആഫ്രിക്കയ്ക്ക് പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ സഫാരി പാർക്കായ ഷാർജ സഫാരി പാർക്കിന്റെ അഞ്ചാം സീസൺ തിങ്കളാഴ്ച ആരംഭിക്കും. വേനൽ കടുത്തതോടെ മേയ് മുതൽ പാർക്ക് അടച്ചിരുന്നു. വിവിധയിനം ഉരഗങ്ങൾ, പക്ഷികൾ, മൃഗങ്ങൾ എന്നിവയെ ഉൾപ്പെടുത്തി വന്യജീവി ശേഖരം പാർക്ക് ഇത്തവണയും വിപുലീകരിച്ചിട്ടുണ്ട്. ആഫ്രിക്കൻ സവാന ആന, റിങ്-ടെയിൽഡ് ലെമൂർ എന്നിങ്ങനെ വംശനാശ ഭീഷണി നേരിടുന്ന വ്യത്യസ്ത ജീവജാലങ്ങളുടെ ആവാസകേന്ദ്രമാണിത്.

120-ലേറെ ഇനങ്ങളിലായി അരലക്ഷത്തോളം പക്ഷിമൃഗാദികൾ ഇവിടെയുണ്ട്. സഹേൽ, നൈഗർ വാലി, സാവന്ന എന്നിങ്ങനെ ആഫ്രിക്കയിലെ 12 പ്രദേശങ്ങളുടെ മാതൃകയിലാണ് പാർക്ക് ഒരുക്കിയിട്ടുള്ളത്.

1500 ദിർഹത്തിന് ആറ് സീറ്റുള്ള വാഹനങ്ങളും 3500 ദിർഹത്തിന് 15 സീറ്റുള്ള മിനി ബസുകളും ലഭ്യമാണ്. ഗോൾഡ്, സിൽവർ, ബ്രോൺസ് എന്നിങ്ങനെ വിവിധ ടിക്കറ്റുകളും തിരഞ്ഞെടുക്കാം.

വാഹനങ്ങളിൽ ഗൈഡഡ് ടൂർ സേവനങ്ങളുമുണ്ട്. ഇതിന് പ്രത്യേകനിരക്കുകൾ ബാധകമാണ്. ഷാർജ ഖോർഫക്കാൻ റോഡിൽ അൽ ദൈദ് നഗരത്തിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെയാണ് ഷാർജ സഫാരി പാർക്ക് സ്ഥിതി ചെയ്യുന്നത്.

ദിവസവും രാവിലെ എട്ടരമുതൽ വൈകീട്ട് ആറുമണിവരെയാണ് സന്ദർശന സമയം. തൊപ്പി, സൺഗ്ലാസ്, ബൈനോക്കുലർ, ക്യാമറ, വെള്ളം എന്നിവ സന്ദർശകർക്ക് കൈവശം വെയ്ക്കാം. സഫാരി പാർക്ക് സന്ദർശിക്കാൻ വിപുലമായ സൗകര്യങ്ങൾ അധികൃതർ ഒരുക്കിയിട്ടുണ്ട്.