അബുദാബിയിൽ കുട്ടികൾക്കായി സൗജന്യ സംഗീത അക്കാദമി

അബുദാബി : കുട്ടികൾക്ക് ലോകോത്തര നിലവാരമുള്ള സംഗീതപരിശീലനം സൗജന്യമായി ലഭ്യമാക്കാൻ എമിറേറ്റിൽ സംഗീത അക്കാദമി ആരംഭിക്കുന്നു. 'യൂത്ത് ഓർക്കസ്ട്ര അബുദാബി'യുടെ ഏറ്റവും പുതിയ കേന്ദ്രം അടുത്ത വർഷം ജനുവരിയിൽ മിനാ സായിദ് മേഖലയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് അബുദാബി സാംസ്‌കാരിക, വിനോദസഞ്ചാര വകുപ്പ് (ഡി.സി.ടി. അബുദാബി) അധികൃതർ വ്യക്തമാക്കി. പ്രമുഖ വാസ്തുശില്പിയായിരുന്ന ഫ്രാങ്ക് ഗെഹ്രി രൂപകല്പന ചെയ്ത അക്കാദമിയിൽ 600 പേരെ ഉൾകൊള്ളുന്ന ഒരു കൺസേർട്ട് ഹാളും സംഗീത പഠനത്തിനായി 18 മുറികളും ഓർക്കസ്ട്രയുടെ പുതിയ ആസ്ഥാനത്തുണ്ടാകും.

ആറു വയസുമുതൽ ഒൻപത് വയസുവരെയുള്ള 100 കുട്ടികളാണ് ആദ്യബാച്ചിലുണ്ടാവുക.

നിലവിൽ പ്രവേശന നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. പാശ്ചാത്യ, ശാസ്ത്രീയ സംഗീതത്തിലും അറബ് സംഗീതത്തിലും പരിശീലനങ്ങൾ നൽകും. യുവ സംഗീതജ്ഞരെ പ്രോത്സാഹിപ്പിക്കുകയും അവരുടെ കഴിവുകൾ മെച്ചപ്പെടുത്തുകയുമാണ് പ്രധാന ലക്ഷ്യം. സാംസ്കാരിക മേഖലയിലെ പുതിയ നിക്ഷേപമാണ് പുതിയ സംരംഭമെന്ന് ഡി.സി.ടി. അബുദാബി ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് പറഞ്ഞു.

സംസ്കാരവും സർഗാത്മകതയും എല്ലാവർക്കും ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. കുട്ടികളിൽ അച്ചടക്കം, സഹകരണം, സർഗാത്മകത, ആത്മവിശ്വാസം എന്നിവ വളർത്താൻ സംഗീതം സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.