ശൈഖ് അഹമ്മദ് ബിൻ സഈദിന് ദുബായ് ഇറ്റ് പുരസ്കാരം

ദുബായ് : എമിറേറ്റിന്റെ വ്യോമയാനമേഖലയിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ കൊണ്ടുവന്നതിന് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും ദുബായ് എയർപോർട്ട്സ് ചെയർമാനും എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് ചെയർമാനും ചീഫ് എക്സിക്യുട്ടീവുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂമിന് ദുബായ് ഇറ്റ് പുരസ്കാരം പ്രഖ്യാപിച്ചു. യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്.
വ്യോമയാനമേഖലയെ പരിവർത്തനം ചെയ്യുന്നതിലും ദുബായിയെ ലോകത്തെ മുൻനിര വ്യോമയാന കേന്ദ്രങ്ങളിലൊന്നായി മാറ്റിയതിലുമുള്ള അസാധാരണമായ നേതൃപാടവത്തിനാണ് പുരസ്കാരം നൽകുന്നതെന്ന് ശൈഖ് ഹംദാൻ പറഞ്ഞു.
ശൈഖ് അഹമ്മദ് ബിൻ സഈദിന്റെ നേതൃത്വത്തിൽ എമിറേറ്റിന്റെ വ്യോമയാനമേഖല മികച്ചവിജയം കൈവരിച്ചതായും അദ്ദേഹം പറഞ്ഞു.
എമിറേറ്റ്സ് എയർലൈനിന്റെ വിമാനങ്ങളുടെ എണ്ണം ഏകദേശം 139 ശതമാനവും ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം 76 ശതമാനവും വർധിച്ചിട്ടണ്ട്. ഫ്ലൈദുബായ് വിമാനക്കമ്പനിയും അതിവേഗ വളർച്ച കൈവരിച്ചിട്ടുമുണ്ട്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിലും റെക്കോഡ് വർധനയാണ് ഓരോ വർഷവും രേഖപ്പെടുത്തുന്നത്.
യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ജൂൺ 17-നാണ് ദുബായ് ഇറ്റ് സംരംഭം പ്രഖ്യാപിച്ചത്. മികച്ച ആശയങ്ങൾ യാഥാർഥ്യമാക്കുന്ന വ്യക്തികൾ, സംരംഭങ്ങൾ, സ്ഥാപനങ്ങൾ, പദ്ധതികൾ തുടങ്ങിയവയെ ആദരിക്കാനാണ് ദുബായ് ഇറ്റ് പുരസ്കാരം ആരംഭിച്ചത്. പരമ്പരാഗത രീതികളിൽനിന്ന് വ്യത്യസ്തമായി ചിന്തിക്കാനും സാമ്പത്തിക, സാമൂഹിക നേട്ടങ്ങൾ കൈവരിക്കാനും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
സർക്കാർസ്ഥാപനങ്ങളുടെ വിഭാഗത്തിൽ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.), സാമ്പത്തികമേഖലയിലെ പ്രോജക്ട് വിഭാഗത്തിൽ പ്രമുഖ സ്പോർട്സ് ഉപകരണ നിർമാണ സ്ഥാപനമായ എസ്.ഡബ്ല്യു.എസ്. ബോർഡ് ടെക്നോളജി, സർക്കാർ മേഖലയിലെ പ്രോജക്ട് വിഭാഗത്തിൽ ദുബായ് താമസ, കുടിയേറ്റ വകുപ്പിന്റെ (ജി.ഡി.ആർ.എഫ്.എ.) റെഡ് കാർപെറ്റ് പദ്ധതി, ബിസിനസ് പ്രോജക്ട് വിഭാഗത്തിൽ ഫിക്സ് ഡെസേർട്ട് എന്നിവയ്ക്കും ദുബായ് ഇറ്റ് പുരസ്കാരം ലഭിച്ചിട്ടുണ്ട്.