പൂർണമായും വൈദ്യുതീകരിച്ച ആദ്യ മാലിന്യശേഖരണ ട്രക്ക് പുറത്തിറക്കി

ദുബായ് : നഗര ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനുമായി പൂർണമായും വൈദ്യുതീകരിച്ച ആദ്യ മാലിന്യശേഖരണ ട്രക്ക് അവതരിപ്പിച്ച് ദുബായ് മുനിസിപ്പാലിറ്റി. ദൈനംദിന നഗരസഭാ പ്രവർത്തനങ്ങളിൽ ഹരിത ഊർജം പ്രയോജനപ്പെടുത്തി വാഹനവ്യൂഹം ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ വിപ്ലവകരമായ ചുവടുവെപ്പ്. എമിറേറ്റിലെ വിവിധ ഭാഗങ്ങളിൽനിന്ന് മാലിന്യം ശേഖരിക്കാനും കടത്താനും സജ്ജമാക്കിയിരിക്കുന്ന ഈ വാഹനം, ദുബായിയുടെ സുസ്ഥിര വികസനത്തിനും കാലാവസ്ഥാ വ്യതിയാന പ്രതിരോധ ലക്ഷ്യങ്ങൾക്കും വലിയ പിന്തുണ നൽകും.
2041-ഓടെ മാലിന്യ ഉത്പാദനം 18 ശതമാനം കുറയ്ക്കാനും ലാൻഡ്ഫില്ലുകളിലേക്ക് മാലിന്യം തള്ളുന്നത് പൂർണമായി ഒഴിവാക്കാനും ലക്ഷ്യമിടുന്ന 'ദുബായ് ഇന്റഗ്രേറ്റഡ് വേസ്റ്റ് മാനേജ്മെന്റ് സ്ട്രാറ്റജി 2041' പദ്ധതിയുടെ പ്രധാന നാഴികക്കല്ലായാണ് ഈ നടപടിയെ മുനിസിപ്പാലിറ്റി കാണുന്നത്. ദുബായിയെ ലോകത്തിലെ ഏറ്റവും സ്മാർട്ടും പരിസ്ഥിതി സൗഹൃദവുമായ നഗരമാക്കി മാറ്റാനുള്ള ശ്രമങ്ങൾക്ക് ഇലക്ട്രിക് വാഹനങ്ങളുടെ വരവ് കൂടുതൽ വേഗത നൽകും.
2.2 ടൺ ഭാരമുള്ള മൂന്ന് ലിഥിയം-അയൺ ബാറ്ററികളാണ് ഈ വലിയ വാഹനത്തിന് കരുത്തുപകരുന്നത്. പ്രവർത്തനസാഹചര്യങ്ങൾക്കനുസരിച്ച് ഒറ്റ ചാർജിൽ 100 മുതൽ 150 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഇതിന് സാധിക്കും. 160 കിലോവാട്ട് ശേഷിയുള്ള ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് വെറും ഒരു മണിക്കൂറും 45 മിനിറ്റും കൊണ്ട് ബാറ്ററി 20 ശതമാനത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാം. 19 ക്യുബിക് മീറ്റർ വ്യാപ്തിയുള്ള വാഹനത്തിന് 11 ടൺ കംപ്രസ് ചെയ്ത മാലിന്യം ഒറ്റത്തവണ വഹിക്കാൻ ശേഷിയുണ്ട്. ഗാർഹിക മാലിന്യ പാത്രങ്ങളും 120 ലിറ്റർ മുതൽ 1,100 ലിറ്റർ വരെയുള്ള കമ്യൂണിറ്റി ബിന്നുകളും ഒരുപോലെ യന്ത്രസഹായത്താൽ ഒഴിഞ്ഞെടുക്കാൻ ഇലക്ട്രിക് കംപാക്ടർ വഴി സാധിക്കും. മാലിന്യത്തിന്റെ തൂക്കം തത്സമയം അളക്കുന്ന അത്യാധുനിക വെയിങ് സിസ്റ്റവും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്.
വാഹനത്തിന്റെയും തൊഴിലാളികളുടെയും റോഡിലെ മറ്റ് യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി മൂവ്മെന്റ് മോണിറ്ററിങ് സ്മാർട്ട് ക്യാമറകളും വാഹനത്തിലുണ്ട്. ദുബായിലെ കഠിനമായ കാലാവസ്ഥയിൽ ഇത്തരം വൻകിട ഇലക്ട്രിക് വാഹനങ്ങളുടെ പ്രവർത്തനക്ഷമത വിലയിരുത്താൻ ഈ ട്രക്കിന്റെ ഉപയോഗം സഹായിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി വേസ്റ്റ് ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ സഈദ് സഫർ പറഞ്ഞു. ഇതിന്റെ വിജയം വിലയിരുത്തിയാകും ഭാവിയിൽ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ സേവനങ്ങളിൽ ഉൾപ്പെടുത്തുക. പ്രത്യേകം പരിശീലനം ലഭിച്ച എൻജിനിയർമാരും സ്മാർട്ട് വെഹിക്കിൾ സാങ്കേതിക വിദഗ്ധരും അടങ്ങുന്ന സംഘമാണ് രണ്ട് ഷിഫ്റ്റുകളിലായി പ്രതിദിനം 16 മണിക്കൂർ പ്രവർത്തിക്കുന്ന ഈ വാഹനത്തിന്റെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്.