ഷാർജ പുസ്തകോത്സവം ഇന്ന് സമാപിക്കും

ഷാർജ : 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് ഞായറാഴ്ച തിരശ്ശീലവീഴും. പുസ്തകമേളയുടെ അവസാനവാരാന്ത്യം വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഏകദേശം 700 പ്രകാശനങ്ങളാണ് മലയാളത്തിൽനിന്ന് പ്രതീക്ഷിച്ചതെങ്കിലും അതിനും മുകളിൽ പ്രകാശനങ്ങൾ നടന്നുകഴിഞ്ഞതായി സംഘാടകർ പറഞ്ഞു.
130 കുട്ടികൾ എഴുതിയ 130 പുസ്തകങ്ങളുടെ പ്രകാശനം, തമിഴ്നാട്ടിൽനിന്നുള്ള സ്കൂൾ കുട്ടികൾ എഴുതിയ 120 പുസ്തകങ്ങളുടെ പ്രകാശനം- ഇത്തരത്തിൽ വ്യത്യസ്തമായ പുസ്തകപ്രകാശനങ്ങൾകൊണ്ട് ഹാൾ നമ്പർ ഏഴിലെ റൈറ്റേഴ്സ് ഫോറം സമ്പുഷ്ടമായിരുന്നു. കുട്ടികളും വീൽച്ചെയറിലുള്ളവരും ഒറ്റയ്ക്കും കൂട്ടമായെത്തിയും പ്രകാശനങ്ങൾക്ക് മിഴിവേകി.
25 മിനിറ്റ് നേരത്തെ പ്രകാശനപരിപാടിയിലേക്കായി നാട്ടിൽനിന്ന് ഉയർന്ന വിമാനടിക്കറ്റ് നിരക്ക് നൽകിയാണ് പുസ്തകപ്രേമികൾ മേളയിലേക്കെത്തിയത്.
വെറും 25 മിനിറ്റ് നേരത്തിന് ജനങ്ങൾ നൽകുന്ന പ്രാധാന്യം കാണുമ്പോൾ ഷാർജ പുസ്തകമേളയുടെ മേന്മ വർധിക്കുന്നു. എം.എ. യൂസഫലി, എം.കെ. മുനീർ തുടങ്ങി ഒട്ടേറെ പ്രമുഖരും എത്തിയിരുന്നു.
ഷാർജ എക്സ്പോ സെന്ററിനുസമീപം നടക്കുന്ന റോഡുപണിയും പാർക്കിങ് പരിമിതിയും യാത്രക്കാർക്ക് പ്രശ്നം സൃഷ്ടിച്ചിരുന്നെങ്കിലും അതെല്ലാം തരണംചെയ്ത് വായനക്കാരും പുസ്തകപ്രേമികളും എക്സ്പോ സെന്ററിലേക്ക് ഒഴുകിയെത്തി. അടുത്തവർഷത്തോടെ ഇത്തരം പ്രശ്നങ്ങളെല്ലാം തീരുമെന്നും റോഡ് ഗതാഗതം സുഗമമാവുമെന്നും സംഘാടകർ വ്യക്തമാക്കി.