ദുബായ്-ഇറ്റ് പുരസ്കാര വിജയികളെ പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ

ദുബായ് : സാമ്പത്തികരംഗത്തെ സുപ്രധാന നാഴികക്കല്ലായ 'ദുബായ്-ഇറ്റ്' പുരസ്കാരത്തിന് പ്രമുഖ സ്പോർട്സ് ഉപകരണ നിർമാണ കമ്പനിയായ എസ്.ഡബ്ല്യു.എസ്. ബോർഡ് ടെക്നോളജി അർഹരായി. ദുബായ് കിരീടാവകാശിയും യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുരസ്കാരം സമ്മാനിച്ചു. മരുഭൂമി കേന്ദ്രീകരിച്ച് ലോകത്തിലെ ഏറ്റവും വലിയ സ്നോ ആൻഡ് വാട്ടർ സ്പോർട്സ് ബോർഡ് നിർമാണ കേന്ദ്രം കെട്ടിപ്പടുത്തതിനാണ് കമ്പനിയെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.
ഒരിക്കൽ മരുഭൂമിയായിരുന്ന ഒരു നഗരത്തിൽനിന്ന് ലോകത്തിലെ ഏറ്റവും വലിയ സ്നോബോർഡ് നിർമാണം ഉയർന്നുവരുമെന്ന് ആരെങ്കിലും കരുതിയിരുന്നോയെന്ന് പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് ശൈഖ് ഹംദാൻ ചോദിച്ചു. റെയ്നിയർ നൂറ ദുബായിൽ തുടക്കമിട്ട ഈ പ്രസ്ഥാനം ഇന്ന് ലോകത്തെ പകുതിയോളം കൈറ്റ്ബോർഡുകളും വേക്ക്ബോർഡുകളും മൂന്നിലൊന്ന് സ്നോബോർഡുകളും ഉത്പാദിപ്പിക്കുന്നുണ്ട്. പ്രതിവർഷം 4,50,000-ത്തിലധികം ബോർഡുകൾ നിർമിക്കാൻ ശേഷിയുള്ള കമ്പനി ഇതുവരെ 60 ലക്ഷത്തിലധികം ബോർഡുകളാണ് ആഗോള വിപണിയിലേക്ക് കയറ്റുമതി ചെയ്തത്. വിന്റർ ഒളിമ്പിക്സ് ഉൾപ്പെടെയുള്ള ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കങ്ങളിൽ ദുബായിൽ നിർമിച്ച ഈ ബോർഡുകളാണ് താരങ്ങൾ ഉപയോഗിക്കുന്നത്.
അസാധ്യമെന്ന് തോന്നുന്ന മേഖലകളിൽ അവസരങ്ങൾ കണ്ടെത്തി ഏറ്റവും ചുരുങ്ങിയ സമയംകൊണ്ട് മികച്ച വിജയം കൊയ്യുന്നതാണ് 'ദുബായ്-ഇറ്റ്' എന്ന സാമ്പത്തിക ദർശനമെന്ന് ശൈഖ് ഹംദാൻ വ്യക്തമാക്കി. എൻജിനിയറിങ് സാങ്കേതികവിദ്യയും ഗവേഷണവും പ്രയോജനപ്പെടുത്തി രൂപകല്പന ചെയ്ത ഈ പ്രസ്ഥാനത്തിന് പിന്നിൽ പ്രവർത്തിച്ച സംഘത്തെ അദ്ദേഹം അഭിനന്ദിച്ചു. ഉത്പാദന സാങ്കേതികവിദ്യകൾക്ക് പുറേമ, പഴയ ബോർഡുകളിലെ 95 ശതമാനം വസ്തുക്കളും പുനരുപയോഗിച്ച് പുതിയവ നിർമിക്കാൻ സാധിക്കുന്ന 100 ശതമാനം പുനരുപയോഗ ശേഷിയുള്ള പരിസ്ഥിതി സൗഹൃദ പദ്ധതികളും കമ്പനി നടപ്പിലാക്കിയിട്ടുണ്ട്.
ഭൂമിശാസ്ത്രപരമായ അതിരുകൾക്കപ്പുറം ചിന്തിക്കാനും അസാധ്യമായതിനെ യാഥാർഥ്യമാക്കാനും ദുബായ് ഭരണകൂടം എപ്പോഴും പ്രോത്സാഹനം നൽകുന്നുണ്ടെന്ന് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ എക്സിക്യുട്ടീവ് ഓഫീസ് ചെയർമാൻ മുഹമ്മദ് അബ്ദുള്ള അൽ ഗർഗാവി പറഞ്ഞു. വിദേശ വിപണികളിലേക്ക് അതിവേഗം പ്രവേശിക്കാനും സാങ്കേതികമായി വളരാനും ദുബായിൽ നിലനിൽക്കുന്ന അനുയോജ്യമായ ബിസിനസ് അന്തരീക്ഷം എങ്ങനെ സഹായിക്കുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണ് എസ്.ഡബ്ല്യു.എസ്. ബോർഡ് ടെക്നോളജിയുടെ ഈ ചരിത്രവിജയമെന്ന് അദ്ദേഹം വ്യക്തമാക്കി.