അഡ്വെഞ്ചർ ആൻഡ് ക്യാമ്പിങ് പ്രദർശനം ബുധനാഴ്ച മുതൽ

ഷാർജ : അഡ്വെഞ്ചർ ആൻഡ് ക്യാമ്പിങ് പ്രദർശനത്തിന്റെ എട്ടാം പതിപ്പ് ഈമാസം 28 മുതൽ അടുത്തമാസം ഒന്നുവരെ എക്സ്പോ അൽ ദൈദിൽ സംഘടിപ്പിക്കും. സാഹസികത, ക്യാമ്പിങ്, വാഹനങ്ങളിൽ സജ്ജീകരിക്കാവുന്ന ക്യാമ്പിങ് ഉപകരണങ്ങൾ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന 200-ലേറെ സ്ഥാപനങ്ങളും ബ്രാൻഡുകളും പുതിയ പതിപ്പിൽ പങ്കെടുക്കും. ശൈത്യകാല ഔട്ട്ഡോർ വിനോദങ്ങളിൽ താത്പര്യമുള്ളവർക്ക് ആവശ്യമായ സാധനങ്ങളുടെ വിപുലമായ ശേഖരമാണ് ഇവിടെ ഒരുങ്ങുന്നത്.

ഓഫ് റൈഡ് ഉൾപ്പടെയുള്ള സാഹസിക പ്രവർത്തനങ്ങൾക്കായി വാഹനങ്ങളെ സജ്ജമാക്കുന്നതിനുള്ള ഒട്ടേറെ സംവിധാനങ്ങൾ സന്ദർശകർക്ക് നേരിട്ട് കാണാനും അവസരം ലഭിക്കും. എമിറേറ്റിലെ വാണിജ്യ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിനും ബിസിനസുകൾക്ക് അവസരങ്ങൾ നൽകുന്നതിനും പൊതുജനങ്ങൾക്ക് പുതിയ ഉത്പന്നങ്ങൾ പരിചയപെടുത്തുന്നതിലും പ്രദർശനം മികച്ച സംഭാവനകൾ നൽകുമെന്ന് ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെയും എക്സ്പോ സെന്റർ ഷാർജയുടെയും ചെയർമാനായ അബ്ദുല്ല സുൽത്താൻ അൽ ഒവൈസ് പറഞ്ഞു.