അരാംകോ കേന്ദ്രത്തിൽ തീപ്പിടിത്തം

ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല
റിയാദ് : സൗദി തലസ്ഥാനമായ റിയാദിന് തെക്ക് സൗദി എണ്ണക്കമ്പനിയായ അരാംകോയുടെ ഒരു കേന്ദ്രത്തിൽ തീയും കനത്തപുകയും ഉയർന്നതായി എ.എഫ്.പി. റിപ്പോർട്ടുചെയ്തു. ശനിയാഴ്ചയാണ് സംഭവം റിപ്പോർട്ടുചെയ്തത്.
സംഭവത്തിന്റെ കാരണംസംബന്ധിച്ച് നിലവിൽ വ്യക്തതയില്ല. സൗദി അധികൃതരിൽനിന്നോ അരാംകോയിൽനിന്നോ സംഭവത്തെക്കുറിച്ച് ഔദ്യോഗികസ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
യെമെനിലെ ഹൂതിവിഭാഗവുമായി സൗദി അറേബ്യക്കിടയിലെ സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് അരാംകോ കേന്ദ്രത്തിനു സമീപം തീപ്പിടിത്തം റിപ്പോർട്ടുചെയ്തിരിക്കുന്നത്. കഴിഞ്ഞദിവസങ്ങളിൽ സൗദിയിലെ ഊർജ അടിസ്ഥാനസൗകര്യങ്ങൾക്കുനേരേ ആക്രമണങ്ങളുണ്ടായിരുന്നെങ്കിലും സംഭവത്തിനുപിന്നിൽ ആക്രമണമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.