മെട്രോ ഓടും ‘അൽ മക്തൂ’മിലേക്ക്

ദുബായ് മെട്രോ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നീട്ടാൻ തീരുമാനം

2031-ൽ സേവനങ്ങൾ ആരംഭിക്കും

1100 കോടി ദിർഹത്തിന്റെ പദ്ധതികൾക്ക് അംഗീകാരം

ദുബായ് : എമിറേറ്റിലെ ഗതാഗതരംഗത്ത് പുതിയ അധ്യായം കുറിക്കാൻ ദുബായ് മെട്രോയുടെ റൂട്ട് 2020 അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നീട്ടാൻ തീരുമാനമായി. യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനംനടത്തിയത്.

യു.എ.ഇ. സർക്കാർ വാർഷികയോഗങ്ങളുടെ ഭാഗമായി നടന്ന എക്സിക്യുട്ടീവ് കൗൺസിൽ യോഗത്തിനു ശേഷമായിരുന്നു പ്രഖ്യാപനം.

2040-ഓടെ സാമൂഹിക സേവനങ്ങളും അടിസ്ഥാനസൗകര്യങ്ങളും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് 1100 കോടി ദിർഹത്തിന്റെ വിവിധ പദ്ധതികൾക്കും കൗൺസിൽ അംഗീകാരം നൽകി. റൂട്ട് 2020-നെ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവള സിറ്റിയുമായി ബന്ധിപ്പിക്കുന്നതു വഴി എമിറേറ്റിലെ പൊതുഗതാഗത ശൃംഖല വികസിപ്പിക്കും. 2031-ൽ യാത്രാ സേവനങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് വിപണിയുടെ ഭാവിസാധ്യതകളെക്കുറിച്ചുള്ള പഠന റിപ്പോർട്ടും എക്സിക്യുട്ടീവ് കൗൺസിൽ അംഗീകരിച്ചു.

യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാഴ്ചപ്പാടിന് അനുസൃതമായാണ് വിവിധപദ്ധതികൾ നടപ്പാക്കുന്നതെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും ആഗോള തലത്തിൽ എമിറേറ്റിന്റെ മത്സരക്ഷമത ശക്തമാക്കാനുമാണ് ശ്രമിക്കുന്നത്.

ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനത്തിലൂടെയും പുതുതലമുറകൾക്കായി സൃഷ്ടിക്കുന്ന അവസരങ്ങളിലൂടെയുമാണ് സർക്കാർ സംരംഭങ്ങളുടെ വിജയം വിലയിരുത്തപ്പെടുന്നത്. പ്രതിസന്ധികളെ അതിജീവിക്കാനുള്ള ശേഷി റിയൽ എസ്റ്റേറ്റ് മേഖല കൈവരിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം മേഖലയുടെ ഭാവിവികസനത്തിന് സഹായകരമാകുമെന്നും ശൈഖ് ഹംദാൻ പറഞ്ഞു. പ്രായപൂർത്തിയാകാത്തവരുടെ ഫണ്ടുകൾ, എൻഡോവ്‌മെന്റുകൾ എന്നിവയുടെ നിക്ഷേപ നയത്തെക്കുറിച്ചും യോഗം ചർച്ചചെയ്തു.