ദുബായിൽ ഹോട്ടൽമുറി വാടകയിൽ വൻ കുതിച്ചുചാട്ടം

ദുബായ് : വേനലവധിക്കുശേഷം നഗരം വീണ്ടും വൻകിട അന്താരാഷ്ട്ര കോൺഫറൻസുകൾക്കും എക്സിബിഷനുകൾക്കും വേദിയാകുന്നതോടെ ദുബായിലെ ഹോട്ടൽ മുറിവാടകയിൽ വൻ വർധന. ബിസിനസ് പ്രതിനിധികളുടെയും വിദേശ സഞ്ചാരികളുടെയും ഒഴുക്ക് വർധിച്ചതോടെ, പ്രമുഖ പ്രദർശന കേന്ദ്രമായ ദുബായ് വേൾഡ് ട്രേഡ് സെന്ററിന് സമീപമുള്ള ഹോട്ടലുകളിൽ സെപ്റ്റംബർ മാസത്തിൽ നിരക്ക് 175 ശതമാനം വരെ ഉയർന്നതായി ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ബുക്കിങ് പോർട്ടലായ ബുക്കിങ്‌ ഡോട്ട് കോമിന്റെ വിലയിരുത്തലിലാണ് നിരക്ക് വർധന കണ്ടെത്തിയത്. പ്രദർശന നഗരിക്ക് അടുത്തുള്ള 15 പ്രമുഖ ഹോട്ടലുകളിലെ ശരാശരി മുറിവാടക 372 ദിർഹത്തിൽ നിന്ന് 689 ദിർഹമായി ഉയർന്നു (ഏകദേശം 86 ശതമാനം ശരാശരി വർധന).

നൊവോട്ടെൽ ദുബായ് വേൾഡ് ട്രേഡ് സെന്റർ ഹോട്ടലിൽ സാധാരണ ദിവസങ്ങളിലെ 300 ദിർഹത്തിൽനിന്ന് വാടക 825 ദിർഹമായി ഉയർന്നപ്പോൾ നിരക്കിൽ 175 ശതമാനം വർധനയാണുണ്ടായത്. ഐബിസ് വേൾഡ് ട്രേഡ് സെന്റർ ഹോട്ടൽ മുറിവാടക 233 ദിർഹത്തിൽനിന്ന് 165 ശതമാനം വർധിച്ച് 618 ദിർഹത്തിലെത്തി. ഐബിസ് വൺ സെൻട്രൽ ഹോട്ടൽ മുറിവാടക 200 ദിർഹത്തിൽനിന്ന് 142 ശതമാനം വർധിച്ച് 484 ദിർഹമായി.

കോർട്ട്യാർഡ് ബൈ മാരിയറ്റ് ഹോട്ടൽ നിരക്ക് നിരക്ക് 231 ദിർഹത്തിൽനിന്ന് 558 ദിർഹമായി ഉയർന്നു. ജുമൈറ ലിവിങ് വേൾഡ് ട്രേഡ് സെന്ററിൽ വാടക 669-ൽനിന്ന് 1,299 ദിർഹമായും, ‘ദ എച്ച് ദുബായിൽ’ 501-ൽനിന്ന് 961 ദിർഹമായും വർധിച്ചു.

സെപ്റ്റംബർ മാസത്തിൽ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന വൻകിട ആഗോള ഉച്ചകോടികളാണ് ഹോട്ടൽ മുറികൾക്ക് ഡിമാൻഡ് കൂട്ടുന്നത്. മിഡിലീസ്റ്റ് എനർജി, എ.ഐ.എം. കോൺഗ്രസ്, ഇന്റർനാഷണൽ പ്രോപ്പർട്ടി ഷോ, ദുബായ് ഡെർമ, ക്രിപ്റ്റോ എക്സ്പോ ദുബായ്, അറേബ്യൻ ട്രാവൽ മാർക്കറ്റ്, ജിസെക് ഗ്ലോബൽ , സീംലെസ് മിഡിലീസ്റ്റ് തുടങ്ങിയ പ്രമുഖ സമ്മേളനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് ബിസിനസ് പ്രതിനിധികളും എക്സിബിറ്റർമാരും എത്തുന്നതോടെ ട്രേഡ് സെന്റർ, ശൈഖ് സായിദ് റോഡ്, ഡി.ഐ.എഫ്.സി, ഡൗൺടൗൺ മേഖലകളിലെ ഹോട്ടൽ മുറികൾ അതിവേഗം ബുക്ക് ചെയ്യപ്പെടുകയാണ്.

വേനൽക്കാലത്ത് പ്രാദേശിക ടൂറിസത്തെയും ഫാമിലി സ്റ്റേക്കേഷനുകളെയും ആശ്രയിച്ചിരുന്ന ഹോട്ടൽ മേഖല, സെപ്റ്റംബർ ആരംഭത്തോടെ ശക്തമായ തിരിച്ചുവരവ് നടത്തുകയാണെന്ന് ഖമാസ് ഹോസ്പിറ്റാലിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ പ്രപീക് കച്ചാറു പറഞ്ഞു. അന്താരാഷ്ട്ര തലത്തിലുള്ള തന്ത്രപ്രധാന പരിപാടികളും ശീതകാല വിനോദസഞ്ചാര സീസണിന്റെ തുടക്കവും നാലാം പാദത്തിൽ ഹോട്ടൽ വ്യവസായത്തിന് മികച്ച വരുമാനം സമ്മാനിക്കുമെന്നാണ് ഐ.എച്ച്.ജി. ഗ്രൂപ്പ് പ്രതിനിധി താരിഖ് ലബീബും വ്യക്തമാക്കുന്നത്.