മനം കുളിർക്കും കാഴ്ചകൾ സമ്മാനിച്ച് ഷീസ് പാർക്ക്

: യു.എ.ഇ.യുടെ കിഴക്കൻ മേഖലയിലെ മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഖോർഫക്കാനിലെ ഷീസ് പാർക്ക്. ഹജർ പർവതനിരകളുടെ സമാനതകളില്ലാത്ത ദൃശ്യങ്ങളാണ് പ്രകൃതിയുടെ മടിത്തട്ടിൽ സ്ഥിതിചെയ്യുന്ന പാർക്ക് സമ്മാനിക്കുന്നത്. രാജ്യം തണുപ്പിലേക്ക് കടന്നതോടെ ശാന്തമായും സമാധാനമായും സമയം ചെലവഴിക്കാൻ ഇവിടേക്ക് എത്തുന്നവരുടെ എണ്ണം അനുദിനം വർധിക്കുകയാണ്. എമിറേറ്റിലെ ഏറ്റവുംമികച്ച പ്രകൃതി ആകർഷണങ്ങളിൽ ഒന്നാണിത്.

മൊത്തം 11,362 ചതുരശ്രമീറ്റർ വിസ്തീർണത്തിൽ വ്യാപിച്ച് കിടക്കുന്ന പാർക്കിൽ മനുഷ്യനിർമിത വെള്ളച്ചാട്ടം, കുട്ടികളുടെ കളിസ്ഥലങ്ങൾ, വിശ്രമസൗകര്യങ്ങൾ, റസ്റ്ററന്റുകൾ, നടപ്പാതകൾ, ഔട്ട്‌ഡോർ തിയേറ്റർ, ബാർബിക്യൂ സൗകര്യങ്ങൾ എന്നിങ്ങനെ ഒട്ടേറെ സൗകര്യങ്ങളും സേവനങ്ങളും ലഭ്യമാണ്. പ്രകൃതിദൃശ്യങ്ങൾ സുരക്ഷിതമായി ആസ്വദിക്കാനുള്ള അവസരമാണ് പാർക്ക് വാഗ്ദാനം ചെയ്യുന്നത്.

ഇക്കോ ടൂറിസത്തിന് ഏറെ പ്രാധാന്യം നൽകുന്ന പാർക്ക് 2020-ലാണ് പൊതുജനങ്ങൾക്കായി തുറന്നത്. ചുട്ടുപൊള്ളുന്ന മരുഭൂമിയിലെ സ്ഥലങ്ങൾ എത്രത്തോളം ഭംഗിയിൽ പ്രകൃതിയുമായി ബന്ധിപ്പിക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഷീസ് പാർക്ക്. ദിവസവും രാവിലെ എട്ടു മുതൽ രാത്രി പത്തുവരെയാണ് പ്രവേശനസമയം.