'ജി.സി.സി. ഗ്രാൻഡ് ടൂറിസ്റ്റ് വിസ' വൈകാതെ യാഥാർഥ്യമാകുമെന്ന് സെക്രട്ടറി ജനറൽ

ആറ് ഗൾഫ് രാജ്യങ്ങളിലേക്ക് ഒറ്റ വിസ
റിയാദ് : വിദേശ സഞ്ചാരികൾക്ക് യൂറോപ്യൻ ഷെങ്കൻ വിസ മാതൃകയിൽ ആറ് ഗൾഫ് രാജ്യങ്ങളിലേക്കും ഒറ്റവിസയിൽ യാത്ര ചെയ്യാൻ വഴിയൊരുക്കുന്ന സംയുക്ത ജി.സി.സി. ടൂറിസ്റ്റ് വിസ പദ്ധതി 'ജി.സി.സി. ഗ്രാൻഡ് ടൂറിസ്റ്റ് വിസ' വൈകാതെ പ്രാബല്യത്തിൽ വരുമെന്ന് ജി.സി.സി. സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി വ്യക്തമാക്കി.
പദ്ധതി യാഥാർഥ്യമാകുന്നതോടെ വിദേശ വിനോദസഞ്ചാരികൾക്ക് ഗൾഫ് രാജ്യങ്ങൾക്കിടയിലുള്ള യാത്ര കൂടുതൽ ആയാസരഹിതമാകുമെന്നും അദ്ദേഹം പറഞ്ഞു. റിയാദിൽ സംഘടിപ്പിച്ച സെക്യൂരിറ്റി ആൻഡ് ഹിസ്റ്ററി ഡയലോഗ് 2026-ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിസയുടെ ഔദ്യോഗിക ഉദ്ഘാടന തീയതി, ഫീസ്, കാലാവധി, അപേക്ഷാ നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യു.എ.ഇ., സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നീ ആറ് രാജ്യങ്ങളിലാണ് ഈ ഒറ്റ വിസ ഉപയോഗിച്ച് സഞ്ചരിക്കാൻ സാധിക്കുക.
2023 ഒക്ടോബറിലാണ് ജി.സി.സി. ടൂറിസം മന്ത്രിമാർ സംയുക്ത വിസ പ്രൊപ്പോസലിന് ഐകകണ്ഠ്യേന അംഗീകാരം നൽകിയത്. തുടർന്ന് ആഭ്യന്തരമന്ത്രിമാരും ഇതിന് അനുമതി നൽകി. മേഖലയെ ഒറ്റ ടൂറിസം കേന്ദ്രമായി ഉയർത്താനും റീജണൽ കൂട്ടായ്മ ശക്തമാക്കാനും ഈ വിസ പദ്ധതി വഴി സാധിക്കുമെന്ന് യു.എ.ഇ. സാമ്പത്തികകാര്യ മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറിയും മുൻപ് വ്യക്തമാക്കിയിരുന്നു.
ഗൾഫ് രാജ്യങ്ങൾക്കിടയിലുള്ള യാത്രകൾ കൂടുതൽ വേഗത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള മറ്റ് പല പദ്ധതികളും പുരോഗമിക്കുകയാണെന്ന് അൽബുദൈവി അറിയിച്ചു. ഇതിലൊരു ഉദാഹരണമാണ് യു.എ.ഇ.യും ബഹ്റൈനും തമ്മിൽ ആരംഭിച്ച 'വൺ-പോയിന്റ് എയർ ട്രാവലേഴ്സ്' പദ്ധതി.
ഈ സംവിധാനം വഴി ബഹ്റൈനിൽ വെച്ച് പാസ്പോർട്ട് നടപടികൾ പൂർത്തിയാക്കിയാൽ അബുദാബി, ദുബായ് അല്ലെങ്കിൽ മറ്റ് യു.എ.ഇ. നഗരങ്ങളിൽ എത്തുമ്പോൾ വീണ്ടും ഇമിഗ്രേഷൻ ഓഫീസർക്ക് മുന്നിൽ നിൽക്കാതെ നേരിട്ട് രാജ്യത്തേക്ക് പ്രവേശിക്കാം. ബയോമെട്രിക് പരിശോധനകളും ഇ-ഗേറ്റുകളും ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. ജി.സി.സി. പൗരന്മാർക്കായി നടപ്പിലാക്കുന്ന ഈ യാത്രാ പദ്ധതിയും വിദേശികൾക്കായുള്ള സംയുക്ത ടൂറിസ്റ്റ് വിസയും രണ്ട് വ്യത്യസ്ത പദ്ധതികളാണ്.
മേഖലയിലെ ഗതാഗതം, ഊർജം, ടൂറിസം, ലോജിസ്റ്റിക്സ് എന്നീ മേഖലകളിൽ വൻ പങ്കാളിത്തമാണ് വരും ദിവസങ്ങളിൽ ജി.സി.സി. ലക്ഷ്യമിടുന്നത്. സുതാര്യമായ അയൽപക്കബന്ധവും അന്താരാഷ്ട്ര തത്വങ്ങളും മുൻനിർത്തിയാണ് ജി.സി.സി. രാജ്യങ്ങളുടെ വിദേശനയം രൂപകല്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.