യു.എ.ഇ. പ്രസിഡന്റും ഖത്തർ പ്രധാനമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തി

അബുദാബി : യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്‌മാൻ ബിൻ ജാസ്സിം അൽ താനിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. യു.എ.ഇ. യെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ഭീകരാക്രമണത്തെ ഖത്തർ ശക്തമായി അപലപിക്കുന്നതായി അൽ താനി ആവർത്തിച്ചു.
ജനങ്ങളുടെ സുരക്ഷയും രാജ്യത്തിന്റെ പരമാധികാരവും ഉയർത്തിപ്പിടിക്കാൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും യു.എ.ഇ. യ്ക്ക് പൂർണപിന്തുണ നൽകുമെന്ന ഉറപ്പും നൽകി. ഇരുരാജ്യങ്ങൾക്കുമിടയിലെ സഹകരണം ദൃഢമാക്കുന്നതിന് പരസ്പര താത്പര്യമുള്ള വിവിധ വിഷയങ്ങളും നേതാക്കൾ ചർച്ച ചെയ്തു.
പ്രാദേശിക സംഭവവികാസങ്ങളുടെ ഗുരുതര പ്രത്യാഘാതങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. യു.എ.ഇ. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുൾപ്പെടെ ഒട്ടേറെ ശൈഖുമാരും ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.