ദുബായിലെ ട്രാം, ബസ് ഗതാഗതം വിപുലീകരിക്കാൻ ആർ.ടി.എ.

ദുബായ് : എമിറേറ്റിലെ എട്ട് സ്ഥലങ്ങളിൽ ട്രാക്ക് രഹിത ട്രാം പദ്ധതി ആരംഭിക്കാനുള്ള സാധ്യതകൾ പരിശോധിക്കുന്നുണ്ടെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. അത്യാധുനിക സ്വയംനിയന്ത്രിത പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾ വിപുലീകരിക്കാനാണ് ശ്രമം.

ക്യാമറകളുടെ സഹായത്തോടെ പെയിന്റ് ചെയ്ത റോഡ് മാർക്കിങ്ങുകൾ കണ്ടെത്തിക്കൊണ്ട് വിർച്വൽ ട്രാക്കിലാണ് ട്രാമുകൾ ഓടുക. നിലവിലെ ട്രാം സംവിധാനങ്ങളെ അപേക്ഷിച്ച് ചെലവും സമയവും ലാഭിക്കാമെന്നതാണ് സവിശേഷത. ഇപ്പോഴുള്ളതിൽനിന്ന് വ്യത്യസ്തമായി സ്ഥിര റെയിലുകളുടെ ആവശ്യകത ഇല്ലാതാകും.

സ്മാർട്ട് നാവിഗേഷൻ സാങ്കേതികവിദ്യകളിലൂടെ ബസുകൾക്ക് സമാനമായ പിക്ക്-അപ്പ്, ഡ്രോപ്പ്-ഓഫ് സ്റ്റേഷനുകളുള്ള പ്രത്യേക റൂട്ടുകളിലാണ് ട്രാം പ്രവർത്തിക്കുക. ഓരോ ട്രാക്ക് രഹിത ട്രാമുകളിലും 300 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള മൂന്ന് കോച്ചുകളുണ്ടാകും. മണിക്കൂറിൽ 25 മുതൽ 60 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാനുമാകും.

അടുത്ത രണ്ടുവർഷത്തിനകം എമിറേറ്റിലുടനീളം ബസുകൾക്കും ടാക്സികൾക്കും പ്രത്യേക പാതകൾ വികസിപ്പിക്കാനും സാധ്യതാ പഠനങ്ങൾ പുരോഗമിക്കുകയാണ്. ഈ വർഷാവസാനത്തോടെ 13 കിലോമീറ്റർ കൂടി ചേർത്തുകൊണ്ട് ബസ്, ടാക്സി പ്രത്യേക പാതകളുടെ നീളം 20 കിലോമീറ്ററായി ഉയർത്തും. ഇതുവഴി ബസ് ഉപയോക്താക്കളുടെ എണ്ണം 10 ശതമാനവും പ്രവർത്തന മികവ് 42 ശതമാനവും വർധിപ്പിക്കാനും യാത്രാസമയം 41 ശതമാനം വരെ കുറയ്ക്കാനുമാകും.

ശൈഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, അൽ സത്വ, അൽ നഹ്ദ, ഒമർ ബിൻ അൽ ഖത്തബ് സ്ട്രീറ്റ്, നൈഫ് സ്ട്രീറ്റ് എന്നീ ആറ് പ്രധാന റോഡുകളിലൂടെയാണ് പുതിയ 13 കിലോമീറ്റർ പാത കടന്നുപോകുക. ചുവപ്പ് നിറത്തിലുള്ള പ്രത്യേക പാതകളിൽ പ്രവേശിക്കുന്ന സ്വകാര്യ വാഹനങ്ങൾക്ക് 600 ദിർഹം പിഴ ചുമത്തും.

കഴിഞ്ഞവർഷം എമിറേറ്റിലെ പൊതുഗതാഗത ഉപയോക്താക്കളുടെ എണ്ണം ഗണ്യമായി ഉയർന്നു. മൊത്തം 80.2 കോടി ആളുകളാണ് മെട്രോ, ട്രാം, ബസ്, സമുദ്ര ഗതാഗത സേവനങ്ങൾ പ്രയോജനപ്പെടുത്തിയത്.

ഉപഭോക്തൃ സംതൃപ്തി വർധിപ്പിക്കുന്നതിന് നിർമിതബുദ്ധി ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകൾ വിന്യസിക്കുന്നുണ്ടെന്നും അൽ തായർ വ്യക്തമാക്കി. എമിറേറ്റിലെ റോഡുകളിലെ വാഹനങ്ങളുടെ എണ്ണം അനുദിനം ഉയരുകയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 10 ശതമാനമാണ് വർധിച്ചത്. അടിസ്ഥാന ഗതാഗത സൗകര്യങ്ങൾ വിപുലീകരിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞാണ് റോഡ് വികസനം, ടോൾ, പാർക്കിങ് നിരക്കുകൾ, വലിയ വാഹനങ്ങളുടെ നിയന്ത്രണം എന്നിവ നടപ്പാക്കുന്നത്.

സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിൽ സമയം ക്രമീകരിക്കുന്നതുൾപ്പടെ ഗതാഗതത്തിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ട് ഒട്ടേറെ പരിഷ്കാരങ്ങളും ആർ.ടി.എ.യുടെ പരിഗണനയിലുമുണ്ട്.

എട്ടിടങ്ങളിൽ ട്രാക്ക് രഹിത ട്രാം പദ്ധതി ആലോചനയിൽ