ആവേശവും ആരവങ്ങളും വാനോളം; ഗ്ലോബൽ വില്ലേജിന് ഗംഭീര തുടക്കം

ദുബായ്: ലോകത്തെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന ഗ്ലോബൽ വില്ലേജിന്റെ 30-ാം പതിപ്പിന് ബുധനാഴ്ച തുടക്കമായി. സമാനതകളില്ലാത്ത ആഘോഷപരിപാടികളും കണ്ണഞ്ചിപ്പിക്കുന്ന വിസ്‌മയക്കാഴ്ചകളും കൈനിറയെ സമ്മാനങ്ങളും വൈവിധ്യമാർന്ന ആകർഷണങ്ങളുമാണ് പുതിയ പതിപ്പ് വാഗ്ദാനം ചെയ്യുന്നത്. ‘കൂടുതൽ അദ്‌ഭുതകരമായ ലോക’ത്തേക്കാണ് അധികൃതർ സന്ദർശകരെ സ്വാഗതം ചെയ്യുന്നത്. ലോകമെമ്പാടുമുള്ള 90-ലേറെ സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 30 പവിലിയനുകളുമായി അടുത്ത വർഷം മേയ് 10 വരെ ആഗോള ഗ്രാമം ഉണർന്നിരിക്കും.

3500-ലേറെ ഷോപ്പിങ് കേന്ദ്രങ്ങൾ, 250-ലേറെ റസ്റ്ററന്റുകൾ 40,500-ലേറെ കലാ-സാംസ്കാരിക പ്രകടനങ്ങൾ, 200-ലേറെ റൈഡുകൾ, ഗെയിമുകൾ എന്നിവയാണ് പുതിയ പതിപ്പിന്റെ സവിശേഷതകൾ. നവീകരിച്ച ഫിയസ്റ്റ സ്ട്രീറ്റും ഡെസേർട്ട് ഡിസ്ട്രിക്ട്, ഏഷ്യ ബൊളിവാർഡ്, ഹാപ്പിനെസ് സ്ട്രീറ്റ് എന്നിവയെല്ലാം സന്ദർശകർക്ക് നവ്യാനുഭവങ്ങൾ സമ്മാനിക്കും. കുട്ടികളിൽ ആവേശമുണർത്താൻ യോർക്ക് ബൈക്ക്സ്, ടൊറോന്റോ ടൊർണാഡോ, ഡെസേർട്ട് ഡാഷേർസ്, കേപ് ഗ്ലൈഡർ, റയോ റോക്കറ്റ്, ദ ലിറ്റിൽ വണ്ടറേഴ്സ്, ദ ഡ്രാഗൺ കിങ്‌ഡം എന്നിങ്ങനെ ഒട്ടേറെ റൈഡുകൾ ബുധനാഴ്ച മുതൽ സജീവമായിട്ടുണ്ട്. ഗാർഡൻസ് ഓഫ് ദ വേൾഡ് എന്ന ആകർഷണമാണ് പുതിയ പതിപ്പിന്റെ സവിശേഷത.

ഈജിപ്ത് ഇറാൻ പവിലിയനുകൾക്കിടയിൽ സ്ഥിതിചെയ്യുന്ന ഗാർഡൻസ് ഓഫ് ദ വേൾഡിൽ മനോഹരമായ പൂക്കളും പ്രധാനപ്പെട്ട ലാൻഡ്മാർക്കുകളുടെ മാതൃകകളുമുണ്ടാകും. 30-ലേറെ രാജ്യങ്ങളിൽനിന്നുള്ള 450-ലേറെ ലോകോത്തര കലാകാരന്മാർ വേദിയിൽ മാസ്മരികപ്രകടനങ്ങൾ കാഴ്ചെവക്കും. ഡ്രാഗൺ തടാകത്തിന് സമീപത്തായി പുതുതായി ഫയർ ആൻഡ് ലൈറ്റ് പ്രദർശനവും പുതിയ പതിപ്പിന് മാറ്റുകൂട്ടും. വെള്ളി, ശനി ദിവസങ്ങളിൽ രാത്രി ഒൻപതിന് ഗംഭീര കരിമരുന്ന് പ്രദർശനങ്ങളും ആസ്വദിക്കാം. പാർക്കിങ് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് അടയാളബോർഡുകളും വിവിധ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം എളുപ്പമാക്കാൻ ഒട്ടേറെ സ്‌ക്രീനുകളും സ്ഥാപിച്ചിട്ടുണ്ട്. പ്രവേശന ടിക്കറ്റുകൾ നേരിട്ടും ഓൺലൈനിനും ലഭ്യമാണ്.

യുഎഇയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദകേന്ദ്രമായി ഗ്ലോബൽ വില്ലേജ് മാറിയെന്ന് ദുബായ് ഹോൾഡിങ് എന്റർടെയിൻമെന്റ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഫെർണാണ്ടോ എയ്‌റോവ പറഞ്ഞു. ഒരു കോടിയിലേറെ സന്ദർശകരാണ് കഴിഞ്ഞ പതിപ്പിലെത്തിയത്. ലോകോത്തര വിനോദ അനുഭവങ്ങളാണ് ഇത്തവണയും ഒരുക്കിയതെന്നും അവർ പറഞ്ഞു.

Content Highlights: Global Village Dubai 2025: Celebrating 30 Years Of The Iconic Carnival