ആഡംബര കാര്‍ അലങ്കരിച്ച് അറേബ്യന്‍ വേള്‍ഡ് റെക്കോര്‍ഡ് നേടി ഷഫീഖ്

ഷഫീഖ് അബ്ദുല്‍ റഹിമാൻ അലങ്കരിച്ച ആഡംബര കാറിനരികില്‍
ഷഫീഖ് അബ്ദുല്‍ റഹിമാൻ അലങ്കരിച്ച ആഡംബര കാറിനരികില്‍

ദുബായ്: യുഎഇ ദേശീയദിനാഘോഷത്തെ വരവേല്‍ക്കാന്‍ റോള്‍സ് റോയിസില്‍ അലങ്കാരമൊരുക്കി ഷഫീഖ് അബ്ദുല്‍ റഹിമാന്‍ വീണ്ടും താരമായി. തുടര്‍ച്ചയായ പതിമൂന്നാമത് വര്‍ഷമാണ് ഷഫീഖ് പോറ്റമ്മ നാടായ യുഎഇക്ക് അഭിവാദ്യമര്‍പ്പിച്ച് വ്യത്യസ്തമായ പരിപാടികളുമായി സജീവമാകുന്നത്. ആഡംബര വാഹനമായ ഫെറാരി പുരോസാംഗിന്റെ ഏറ്റവും പുതിയ മോഡല്‍ കാറില്‍ യുഎഇയുടെ ചിഹ്നങ്ങളും ഈദുല്‍ ഇത്തിഹാദ് സന്ദേശവും മുദ്രണം ചെയ്താണ് ഇക്കുറി അലങ്കാരമൊരുക്കിയത്. ഫെരാരിയുടെ ചരിത്രത്തിലെ ഫോര്‍ സീറ്റര്‍-ഫോര്‍ ഡോര്‍ കാര്‍ ലോകത്തിലെ വിലകൂടിയ വാഹനങ്ങളിലൊന്നാണ്. ദുബായില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലും ഹോസ്പിറ്റാലിറ്റി മേഖലയിലും പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനമായ എഎംആര്‍ പ്രോപ്പര്‍ട്ടീസിന്റെയും എ വണ്‍ ഗ്രൂപ്പിന്റെയും മാനേജിംഗ് ഡയറക്ടര്‍ കൂടിയാണ് ഷഫീഖ്. യുഎഇ ദേശീയ ദിനവുമായി ബന്ധപ്പെട്ട് നടത്തുന്ന തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി അറേബ്യന്‍ വേള്‍ഡ് റെക്കോര്‍ഡ് പുരസ്‌കാരം ഇക്കുറി ഷഫീഖിനെ തേടിയെത്തി.

രാജ്യം കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച ശൈഖ് സായിദിനെയും ശൈഖ് റാഷിദിനെയും അടയാളപ്പെടുത്തുന്ന ചിത്രങ്ങളും യുഎഇയുടെ സാംസ്‌കാരിക മുദ്രണങ്ങളും ഈദുല്‍ ഇത്തിഹാദ് സന്ദേശവും ചേര്‍ന്ന ഹോളോ മാര്‍ക്കുകളാണ് അലങ്കാരത്തിന് ഉപയോഗിച്ച ചിത്രങ്ങള്‍. പതിനെട്ട് കാരറ്റ് ഇലെക്ട്രൊ പ്ളെയിറ്റ് ചെയ്ത ഓര്‍ണമെന്റെല്‍ ലൈനിങ്ങുകള്‍ ചേര്‍ത്ത് ഒരുക്കിയ ഡിസൈനുകളും കാറിനെ അലങ്കരിക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്. അഷര്‍ ഗാന്ധിയാണ് ചിത്രങ്ങള്‍ വരച്ചതും രൂപകല്‍പ്പന ചെയ്തതും.

ദേശീയദിനാഘോഷത്തിന്റ ഭാഗമായി എഎംആര്‍ ഗ്രൂപ്പിന്റെ പുതിയ സംരംഭമായ റാസല്‍ഖൈമയിലെ അക്കേഷ്യ ഫോര്‍ സ്റ്റാര്‍ ഹോട്ടലിന്റെ ഉദ്ഘാടനവും നടന്നു. റാസല്‍ഖൈമ രാജ കുടുംബാംഗങ്ങളും അറബ് പ്രമുഖരും വ്യാപാര വാണിജ്യ രംഗങ്ങളില്‍ നിന്നുള്ളവരും ചടങ്ങിന്റെ ഭാഗമായി. കലാ സാംസ്‌കാരിക സംഗീത പരിപാടികളും അരങ്ങേറി.

Content Highlights: From Luxury Cars to World Records: Shafiq's Artistic Tribute to UAE's National Day