ദുബായില്‍ പുതിയ നഗര വികസന പദ്ധതികള്‍ക്ക് അംഗീകാരം

ദുബായ്: മദീനത്ത് ലത്തീഫ, അല്‍ യലാസിസ് എന്നിവിടങ്ങളില്‍ നഗരവികസന പദ്ധതികള്‍ നടപ്പാക്കാന്‍ ദുബായ് ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. ദുബായുടെ ഡിജിറ്റല്‍ നേതൃത്വം ശക്തമാക്കുന്ന ഡിജിറ്റല്‍ റെസിലിയന്‍സ് നയവും ദുബായ് പ്ലാന്‍ 2033-ക്ക് അനുസൃതമായി 2026-ലെ എക്‌സിക്യുട്ടീവ് കൗണ്‍സിലിന്റെ അജന്‍ഡയും അംഗീകരിച്ചിട്ടുണ്ട്.
നഗരാസൂത്രണം, ഭവന നിര്‍മാണം, ഡിജിറ്റലൈസേഷന്‍ എന്നിവ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള എക്‌സിക്യുട്ടീവ് കൗണ്‍സില്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. എമിറേറ്റ്‌സ് ടവേഴ്‌സില്‍ നടന്ന കൗണ്‍സില്‍ യോഗത്തില്‍ ദുബായ് ഒന്നാം ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും സാമ്പത്തിക മന്ത്രിയുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പങ്കെടുത്തു.
മദീനത്ത് ലത്തീഫ, അല്‍ യലാസിസ് എന്നീ രണ്ട് പ്രധാന താമസ പ്രദേശങ്ങളിലായി 152 പുതിയ പാര്‍ക്കുകളും കായിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി 33 കിലോമീറ്റര്‍ സൈക്ലിങ് പാതകളും നിര്‍മിക്കും. '20 മിനിറ്റ് നഗരം' എന്ന ലക്ഷ്യങ്ങള്‍ കൈവരിക്കാനും ലക്ഷ്യമുണ്ട്. രണ്ടിടങ്ങളിലായി മൊത്തം 26500 താമസയൂണിറ്റുകളും നിര്‍മിക്കും. പാര്‍ക്കുകളും സ്‌ക്വയറുകളും സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംവേദനാത്മക കേന്ദ്രങ്ങളായി നിലകൊള്ളും. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ച 'കുടുംബ വര്‍ഷ'ത്തിനും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആരംഭിച്ച 'ദുബായ് സോഷ്യല്‍ അജന്‍ഡ 33'-നും അനുസൃതമായാണ് തീരുമാനം.
വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സമൂഹത്തിനും സുസ്ഥിര ക്ഷേമം ഉറപ്പാക്കുന്ന സംയോജിത വികസന പാതയിലൂടെ ദുബായ് മുന്നേറുകയാണെന്ന് ശൈഖ് ഹംദാന്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ചതും മനോഹരവും വികസിതവുമായ നഗരമാക്കി എമിറേറ്റിനെ മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Dubai Prince Sheikh Hamdan approves new plans for housing, family welfare, and digital development