വിജയവഴിയില്‍ അസീന:കൂറ്റന്‍ ഇന്ധന ടാങ്കറുമായി മുന്നേറുന്നത് നിരത്തില്‍ മാത്രമല്ല, ജീവിതത്തിലും

#രമിഷ എം.കെ
.
.

യു.എ.ഇ.യിലെ നിരത്തുകളിലൂടെ വലിയവാഹനം ഓടിക്കണമെന്ന തന്റെ ഏറെക്കാലത്തെ ആഗ്രഹം സഫലമായ സന്തോഷത്തിലാണ് തൃശ്ശൂരുകാരി അസീന. തൊഴില്‍ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷമാണിതെന്ന് 60,000 ലിറ്റര്‍ ശേഷിയുള്ള ഇന്ധന ടാങ്കറിന്റെ ഡ്രൈവിങ് സീറ്റിലിരുന്നുകൊണ്ട് അസീന പറയുന്നു.

നാട്ടില്‍ 21 വര്‍ഷത്തോളം ഡ്രൈവിങ് പരിശീലകയായും ബസ് ഡ്രൈവറായും ജോലിചെയ്തിട്ടുണ്ട്. ഇതാദ്യമായാണ് ഇത്രവലിയ വാഹനമോടിക്കുന്നത്. പൂര്‍ണസുരക്ഷിതത്വം നല്‍കുന്ന ഗതാഗതനിയമങ്ങള്‍ ഉള്ളതിനാല്‍ എത്രവലിയ വാഹനമായാലും പേടികൂടാതെ ഓടിക്കാം. സ്വദേശിയെന്നോ വിദേശിയെന്നോ വ്യത്യാസമില്ലാതെ ഈ രാജ്യം ഇവിടെയെത്തുന്ന മനുഷ്യര്‍ക്കുനല്‍കുന്ന പരിഗണന ഏറെ അദ്ഭുതപ്പെടുത്തുന്നുണ്ട്. യു.എ.ഇ.യില്‍ മുന്‍പ് ടാങ്കര്‍ ലോറി ഡ്രൈവര്‍മാരായ മലയാളിവനിതകള്‍ വലിയ പ്രചോദനമായിട്ടുണ്ടെന്നും ഈ കൊടുങ്ങല്ലൂര്‍ സ്വദേശിനി പറയുന്നു.

കുട്ടിക്കാലംമുതല്‍ മകള്‍ക്ക് വാഹനങ്ങളോടുള്ള കമ്പം മനസ്സിലാക്കിയ മാതാപിതാക്കളായ അഷറഫും നബീസയുമാണ് ഡ്രൈവിങ് ലൈസന്‍സെടുക്കാന്‍ പ്രോത്സാഹിപ്പിച്ചത്. 18-ാം വയസ്സുമുതല്‍ ഡ്രൈവിങ്ങാണ് ഉപജീവനമാര്‍ഗം. മെച്ചപ്പെട്ട ജോലിയും ജീവിതസാഹചര്യങ്ങളുമാണ് ഇവിടേക്കാകര്‍ഷിച്ചത്. യു.എ.ഇ.യില്‍ ഡ്രൈവറായി ജോലിചെയ്യണമെന്ന തന്റെ ആഗ്രഹം കുടുംബത്തോട് പങ്കുവെച്ചതോടെ അവരും പ്രോത്സാഹിപ്പിച്ചു. ഹൗസ് ഡ്രൈവര്‍ ജോലിയായിരുന്നു ആദ്യലക്ഷ്യം. അത് ലഭിക്കാതെവന്നപ്പോള്‍ നിരാശപ്പെടാതെ ഡ്രൈവിങ് മേഖല കേന്ദ്രീകരിച്ച് തൊഴിലന്വേഷണമാരംഭിച്ചു. ആ അന്വേഷണത്തിനൊടുവിലാണ് ടാങ്കര്‍ ലോറി ഡ്രൈവറായത്.

അജ്മാന്‍ ജറഫിലെ വ്യവസായമേഖലയിലൂടെ കൂറ്റന്‍ ഇന്ധനടാങ്കറുമായി അസീന മുന്നേറുന്നത് നിരത്തുകളില്‍ മാത്രമല്ല, മറിച്ച് ജീവിതത്തിലുംകൂടെയാണ്. വിവാഹജീവിതത്തില്‍ നേരിട്ട കയ്പ്പേറിയ അനുഭവങ്ങളാണ് ആത്മവിശ്വാസത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും സാഹചര്യങ്ങളെ നേരിടാന്‍ ഇവരെ പ്രാപ്തയാക്കിയത്. മകള്‍ അഫിതയ്ക്ക് നല്ല വിദ്യാഭ്യാസംനല്‍കാനും പ്രായമായ മാതാപിതാക്കള്‍ക്ക് താങ്ങാവാനുമാണ് പ്രവാസിയായത്. ''ഒത്തുപോകാന്‍ കഴിയാത്ത വിവാഹജീവിതം അവസാനിപ്പിച്ചപ്പോള്‍ ഒട്ടേറെ കുറ്റപ്പെടുത്തലുകളും കുത്തുവാക്കുകളും കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. അപ്പോഴെല്ലാം എന്റെ ശരിയില്‍മാത്രം ഉറച്ചുനിന്നുകൊണ്ടാണ് ഇന്ന് ഈനിലയില്‍ എത്തിയത്. നമ്മള്‍ വിചാരിച്ചാല്‍ നമ്മളെക്കൊണ്ട് പറ്റാത്തതായി ഒന്നുമില്ല. മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കുന്നതിനേക്കാള്‍ അഭിമാനം ഈ ഭൂമിയില്‍ വേറൊന്നിനുമില്ല''-അസീന പറയുന്നു.

അസീന
 

Content Highlights: Gulf Feature Aseena