കുട്ടികൾക്ക് സ്നേഹപ്പൊതികൾ കൈമാറി ജിഡിആർഎഫ്എ

ദുബായ് : ലോക മാനുഷികദിനത്തിൽ ദുബായിൽ കാരുണ്യത്തിന്റെ മനോഹര കാഴ്ചയൊരുക്കി താമസ, കുടിയേറ്റ വകുപ്പ് (ജിഡിആർഎഫ്എ) അധികൃതർ. നിശ്ചയദാർഢ്യമുള്ളവരുടെ കൈകളിലൂടെ സ്‌നേഹത്തിന്റെ സമ്മാനപ്പൊതികൾ ആശുപത്രിയിൽ കഴിയുന്ന കുഞ്ഞുമനസ്സുകളിലേക്ക് എത്തിച്ചുകൊണ്ടാണ് ജിഡിആർഎഫ്എ മാതൃകയായത്. കമ്യൂണിറ്റി ഡിവലപ്മെന്റ് അതോറിറ്റിയും (സിഡിഎ) സംരംഭത്തിൽ പങ്കുചേർന്നു. സമൂഹത്തിന്റെ എല്ലാ തലങ്ങളിലുള്ളവരെയും ചേർത്തുപിടിക്കുന്ന 'സാമൂഹിക വർഷ കാഴ്ചപ്പാടിന്റെ ഭാഗമായാണ് 'സ്നേഹത്താൽ പൊതിഞ്ഞ്' എന്ന ഈ പരിപാടി അരങ്ങേറിയത്.
അൽ ജലീല ചിൽഡ്രൻസ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ നിശ്ചയദാർഢ്യമുള്ളവർ അതിഥികളായി. ആശുപത്രിയിലെ കുട്ടികൾക്കായി അവർ സ്വന്തം കൈകൊണ്ട് സമ്മാനങ്ങൾ തയ്യാറാക്കുകയും വർണകടലാസ്സുകളിൽ ഭംഗിയായി പൊതിഞ്ഞെടുക്കുകയും ചെയ്തു. പിന്നീട് ആശുപത്രി വാർഡുകളിലെത്തിയാണ് കുട്ടികൾക്ക് സമ്മാനങ്ങൾ നേരിട്ട് കൈമാറിയത്.
രോഗശയ്യയിലുള്ള കുഞ്ഞുങ്ങൾക്ക് ആശ്വാസവും സന്തോഷവും പകരുന്നതായിരുന്നു വേറിട്ട പരിപാടി. 'മനുഷ്യൻ ആദ്യം' പ്രമേയം അടിസ്ഥാനമാക്കിയായിരുന്നു സംരംഭം.
സമൂഹത്തിലെ എല്ലാവർക്കും നന്മയുടെ പാതയിൽ മുന്നോട്ട് പോകാൻ കഴിയുമെന്ന് നിശ്ചയദാർഢ്യമുള്ളവരുടെ പങ്കാളിത്തം തെളിയിക്കുന്നുവെന്ന് ജിഡിആർഎഫ്എ ദുബായ് അസിസ്റ്റന്റ് ഡയറക്ടർ, ജനറൽ ബ്രിഗേഡിയർ അബ്ദുൽ സമദ് ഹുസൈൻ അൽ ബലൂഷി പറഞ്ഞു. ദുബായ് ആരെയും പിന്നിൽ നിർത്താതെ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സമൂഹം കെട്ടിപ്പടുക്കാനാണ് ലക്ഷ്യമിടുന്നത്.
നിശ്ചയദാർഢ്യമുള്ളവരെ ഇത്തരം സന്നദ്ധ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുന്നത് അവരെ ശാക്തീകരിക്കുക മാത്രമല്ല, സമൂഹത്തിന്റെ മൂല്യങ്ങൾ കൂടുതൽ ദൃഢമാക്കുക കൂടിയാണെന്ന് സിഡിഎ സോഷ്യൽ ഡിവലപ്മെന്റ് ആൻഡ് കെയർ സെക്ടർ സിഇഒ ഹാരിസ് അൽ മുർ ബിൻ ഹാരിസും അഭിപ്രായപ്പെട്ടു. കരുണ, ഐക്യം തുടങ്ങിയ മാനുഷിക മൂല്യങ്ങളെ ഈ സംരംഭം ഉയർത്തിപ്പിടിച്ചു. ദുബായ് ഒരു ആഗോള മാനുഷിക നഗരമാണെന്ന സന്ദേശം നൽകുകയാണ് ഈ സംരംഭത്തിലൂടെയെന്നും അധികൃതർ വിശദീകരിച്ചു.
Content Highlights: GDRFA Supports Children with Gift Distribution Program