സേവനങ്ങള്‍ പരിചയപ്പെടുത്തി ദുബായ് ജിഡിആര്‍എഫ്എ കലയാന്‍ 2025

ദുബായ്: ഫിലിപ്പീന്‍സിന്റെ 127-ാമത് സ്വാതന്ത്ര്യ ദിനാഘോഷമായ 'കലയാന്‍ 2025' ആഘോഷത്തില്‍ ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) തങ്ങളുടെ വിവിധ സേവനങ്ങള്‍ പരിചയപ്പെടുത്തി. യുഎഇയില്‍ അധിവസിക്കുന്ന വിവിധ രാജ്യക്കാരുമായി മികച്ച സാംസ്‌കാരിക ബന്ധം സ്ഥാപിക്കുന്നതിനും ദുബായിലെ വിവിധ വിസ, സ്മാര്‍ട്ട് സേവനങ്ങള്‍ പരിചയപ്പെടുത്തുന്നതിനും വേണ്ടിയായിരുന്നു ഈ പരിപാടി. യുഎഇ പ്രഖ്യാപിച്ച 'ഇയര്‍ ഓഫ് കമ്മ്യൂണിറ്റി 2025' യുടെ ഭാഗമായാണ് ജിഡിആര്‍എഫ്എ ഈ ആഘോഷത്തില്‍ പങ്കെടുത്തത്.
യുഎഇ സഹിഷ്ണുത, സഹവര്‍ത്തിത്വകാര്യ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ആഘോഷത്തില്‍ മുപ്പതിനായിരത്തിലധികം ഫിലിപ്പീന്‍സ് സ്വദേശികള്‍ പങ്കെടുത്തു. പ്രത്യേകം സജ്ജീകരിച്ച പവലിയനില്‍, സന്ദര്‍ശകര്‍ക്കായി വീഡിയോ കോള്‍ സേവനം, ഗോള്‍ഡന്‍ വിസ സേവനം, മറ്റ് ഇതര സേവനങ്ങള്‍ എന്നിവ പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. കൂടാതെ കുട്ടികളെ ആകര്‍ഷിച്ചുകൊണ്ട് ഡയറക്ടറേറ്റിന്റെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ 'സലേം', 'സലാമ' എന്നിവയുടെ സാന്നിധ്യവും ഉണ്ടായി. കാണികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സംവേദനാത്മക ക്വിസ് മത്സരവും സംഘടിപ്പിച്ചു. വിജയികള്‍ക്ക് വിലപിടിപ്പുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.
സന്ദര്‍ശകരെ ഏറെ ആകര്‍ഷിച്ച ഈ ആഘോഷത്തില്‍, യുഎഇയും ഫിലിപ്പീന്‍സും തമ്മിലുള്ള ആഴമേറിയ ബന്ധവും രാജ്യത്തിന്റെ വികസനത്തില്‍ ഫിലിപ്പീനോ സമൂഹം വഹിക്കുന്ന പ്രധാന പങ്കും പ്രദര്‍ശിപ്പിച്ചു. 'യുഎഇയില്‍ വസിക്കുന്ന വിവിധ സംസ്‌കാരങ്ങളുമായി ബന്ധം ശക്തിപ്പെടുത്തുക എന്നത് ഒരു സാമൂഹിക നിക്ഷേപമാണ്. ഫിലിപ്പീനോ സമൂഹം രാജ്യത്തിന്റെ പുരോഗതിയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു, 'ജിഡിആര്‍എഫ്എ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി അഭിപ്രായപ്പെട്ടു.
Content Highlights: GDRFA Dubai at Philippines` Kalayaan 2025