റാസല്‍ഖൈമയില്‍ ഇ.വി. ചാര്‍ജിങ് സ്റ്റേഷനുകള്‍ വര്‍ധിപ്പിക്കും

റാസല്‍ഖൈമ: എമിറേറ്റിലെ പ്രധാനസ്ഥലങ്ങളില്‍ കൂടുതല്‍ വൈദ്യുത വാഹന (ഇ.വി.) ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ പുതിയകരാര്‍. ഇതിനായി ദേശീയകമ്പനിയായ യു.എ.ഇ.വി.യും റാസല്‍ഖൈമ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും (ആര്‍.എ.കെ.ടി.എ.) കരാറില്‍ ഒപ്പിട്ടു. സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതും അറ്റകുറ്റപ്പണി മുതല്‍ സാങ്കേതികവിദ്യകള്‍ സംയോജിപ്പിക്കുന്നത് ഉള്‍പ്പടെയുള്ള എല്ലാകാര്യങ്ങള്‍ക്കും യു.എ.ഇ.വി. മേല്‍നോട്ടംവഹിക്കും. യു.എ.ഇ.വി. ബോര്‍ഡ് അംഗം എന്‍ജിനിയര്‍ യൂസിഫ് അഹമ്മദ് അല്‍ അലിയും ആര്‍.എ.കെ.ടി.എ. ഡയറക്ടര്‍ ജനറല്‍ എന്‍ജിനിയര്‍ ഇസ്മായീല്‍ ഹസന്‍ അല്‍ ബലൂഷിയും ചേര്‍ന്നാണ് കരാര്‍ ഒപ്പിട്ടത്.
യു.എ.ഇ. സീറോ സ്ട്രാറ്റജിയെയും സുസ്ഥിര യാത്രാ സംവിധാനങ്ങളെയും പിന്തുണയ്ക്കാനാണ് ശ്രമിക്കുന്നതെന്ന് യൂസിഫ് അഹമ്മദ് അല്‍ അലി പറഞ്ഞു. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനും സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും പാരിസ്ഥിതിക സംരക്ഷണം ഉറപ്പാക്കാനും പുതിയ സഹകരണത്തിലൂടെയാകും. അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലൂടെ വൈദ്യുത വാഹനങ്ങളുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സുസ്ഥിര ഗതാഗത സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് ഇസ്മായീല്‍ ഹസന്‍ അല്‍ ബലൂഷി വ്യക്തമാക്കി. പരിസ്ഥിതി സൗഹൃദ ഗതാഗത മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ഭാവിതലമുറയെ കരാര്‍ പ്രചോദിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യു.എ.ഇ. യില്‍ വൈദ്യുത വാഹനങ്ങള്‍ക്ക് ആവശ്യക്കാരേറി വരുന്നതിനാല്‍ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ഒട്ടേറെ പദ്ധതികളാണ് നടപ്പാക്കുന്നത്. ഷാര്‍ജയില്‍ ഇ.വി. സ്റ്റേഷനുകള്‍ വര്‍ധിപ്പിക്കാനുള്ള പദ്ധതിക്ക് കഴിഞ്ഞമാസം എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗീകാരം നല്‍കിയിരുന്നു. എമിറേറ്റിലെ വാണിജ്യ, നഗര പ്രദേശങ്ങളില്‍ വാഹനങ്ങള്‍ വേഗത്തിലും എളുപ്പത്തിലും ചാര്‍ജ് ചെയ്യുന്നതിന് ഉന്നത നിലവാരമുള്ള സ്റ്റേഷനുകളാണ് സ്ഥാപിക്കുക. ഒരു വര്‍ഷത്തിനകം രാജ്യത്ത് 1000 ഇ.വി. ചാര്‍ജിങ് യൂണിറ്റുകള്‍ സ്ഥാപിക്കുമെന്ന് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലൂപ്പ് ഗ്ലോബല്‍ അധികൃതര്‍ നേരത്തേ അറിയിച്ചിട്ടുണ്ട്.
യു.എ.ഇ.യിലെ വൈദ്യുതവാഹനങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തെ ഇത് വന്‍തോതില്‍ സ്വാധീനിക്കും. സുസ്ഥിര ഗതാഗത സംവിധാനങ്ങളുടെ ആവശ്യകത മുന്‍നിര്‍ത്തിയാണ് തീരുമാനം.
ഈ വര്‍ഷാവസാനത്തോടെ ചാര്‍ജിങ് യൂണിറ്റുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ തുടങ്ങും. ഇതുവഴി ഒട്ടേറെ പ്രാദേശിക തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നുമാണ് വിലയിരുത്തല്‍.
Content Highlights: EV Charging stations will be increased in Ras Al Khaimah