ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു; ദുബായിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

#പ്രവാസി ഡെസ്ക്
ശൈഖ് അഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം
ശൈഖ് അഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം

ദുബായ്: യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സഹോദരൻ ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു. ദുബായ് ഭരണാധികാരിയുടെ ഓഫീസ് ആണ് മരണവാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് ദുബായ് എമിറേറ്റിലുടനീളം 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദുഃഖാചരണത്തിന്റെ ഭാഗമായി എമിറേറ്റിലെ ദേശീയ പതാകകൾ പകുതി താഴ്ത്തിക്കെട്ടും.
സഹോദരന്റെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ അനുശോചന സന്ദേശം പങ്കുവെച്ചു. 'എന്റെ സഹോദരനായ ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനോട് അല്ലാഹു കരുണ കാണിക്കട്ടെയെന്നും, നിങ്ങൾ ഇപ്പോൾ ഏറ്റവും ഉദാരമതിയും സർവ്വശക്തനുമായ പടച്ചവന്റെ അടുക്കലേക്ക് യാത്രയായിരിക്കുകയാണെന്നും അദ്ദേഹം കുറിച്ചു. നീ ഞങ്ങളുടെ കണ്ണുകളിൽ നിന്ന് മറഞ്ഞുവെങ്കിലും പ്രാർഥനകളിൽ നിന്നും ഹൃദയങ്ങളിൽ നിന്നും ഒരിക്കലും മാഞ്ഞുപോകില്ലെന്ന് വൈകാരികമായി കുറിച്ച ശൈഖ് മുഹമ്മദ്, പരേതന് സ്വർഗ്ഗരാജ്യം നൽകി അനുഗ്രഹിക്കട്ടെയെന്നും കുടുംബാംഗങ്ങൾക്കും പ്രിയപ്പെട്ടവർക്കും ഈ വേർപാട് താങ്ങാനുള്ള ക്ഷമ നൽകട്ടെയെന്നും' പ്രാർഥിച്ചു.
യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും തന്റെ പിതൃസഹോദരന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. പരേതനായ ശൈഖ് അഹമ്മദിന് അല്ലാഹു പൊറുത്തുനൽകട്ടെ എന്നും, അദ്ദേഹത്തിന്റെ പരലോക ജീവിതം സന്തോഷപ്രദമാക്കട്ടെ എന്നും വെളുത്ത വസ്ത്രത്തിലെ കറ കഴുകിക്കളയുന്നത് പോലെ അദ്ദേഹത്തിന്റെ പാപങ്ങൾ കഴുകി പരിശുദ്ധമാക്കട്ടെ എന്നും ശൈഖ് ഹംദാൻ പ്രാർഥിച്ചു. യു.എ.ഇയിലെ ഭരണാധികാരികളും ഉന്നത ഉദ്യോഗസ്ഥരും ദുബായ് രാജകുടുംബത്തിന് തങ്ങളുടെ അനുശോചനം അറിയിച്ചു.