ദുബായിൽ വാഹന പാർക്കിംഗ് മേഖലയിൽ ക്യുആർ കോഡ് തട്ടിപ്പ്, ജാഗ്രത പാലിക്കണമെന്ന് അധികൃതർ

ദുബായ്: നഗരത്തിൽ വാഹന പാർക്കിംഗ് മേഖലയിൽ, ക്യുആർ കോഡ് തട്ടിപ്പ്. പണം അടയ്ക്കാനുള്ള ക്യുആർ കോഡിന് മുകളിൽ മറ്റൊരു ക്യുആർ കോഡ് പതിച്ചായിരുന്നു തട്ടിപ്പ്.. വാഹന ഉടമകൾ ജാഗ്രത പാലിക്കണമെന്നും കൃത്യമായ രീതിയിലാണ് പണം അടയ്ക്കുന്നതെന്ന് ഉറപ്പാകണമെന്നും അധികൃതർ നിർദ്ദേശിച്ചു.
വിവിധ മേഖലകളിൽ വാഹനം പാർക്ക് ചെയ്യുന്നവർ പണം അടച്ചിട്ടും പിഴ കിട്ടുന്നതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്നായിരുന്നു അന്വേഷണം. പാർക്കിംഗ് കേന്ദ്രങ്ങളുടെ ചുമതലക്കാരായ പാർക്ക് ഇൻ കമ്പനി സ്ഥാപിച്ച ബോർഡിലെ ക്യുആർ കോഡിന് മുകളിൽ മറ്റൊരു ക്യുആർ കോഡ് പതിച്ചത് അപ്പോഴാണ് ശ്രദ്ധയിൽപെട്ടത്. വാഹന ഉടമകൾ അടയ്ക്കുന്ന പണം തട്ടിപ്പുകാരുടെ കൈകളിലേക്കാണ് പോയിരുന്നത്.. ഇത്തരത്തിൽ പണം നഷ്ടപ്പെട്ടവർ തന്നെയാണ് ദൃശ്യങ്ങൾ പകർത്തി അധികൃതർക്ക് നൽകിയത്.
ക്യുആർ കോഡ് ഉപയോഗിച്ച് പണം അടച്ചാൽ എസ്എംഎസിന് വേണ്ടിവരുന്ന 30 ഫിൽസ് ലാഭിക്കാം. ഇതുകൊണ്ടാണ് കൂടുതൽ പേരും ഈ സൗകര്യം പ്രയോജനപ്പെടുത്തിയിരുന്നത്. മാത്രമല്ല, ഇങ്ങനെ ക്യുആർ കോഡ് ഉപയോഗിച്ച് ഇടപാട് നടത്തിയവരുടെ ഫോണുകൾ തട്ടിപ്പുകാർ ഹാക്ക് ചെയ്യാനും സാധ്യതയുണ്ട്. ഉപഭോക്താക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക ചാനലുകളിലൂടെ മാത്രമാണ് പണം അടയ്ക്കുന്നതെന്ന് ഉറപ്പാക്കണമെന്നും പാർക്ക് ഇൻ കമ്പനി നിർദ്ദേശിച്ചു.
Content Highlights: Dubai Parking Alert: Beware of QR Code Scams Targeting Motorists