ദുബായ് ഗ്ലോബൽ വില്ലേജ്; പുതിയ സീസണിലേക്കുള്ള ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

ദുബായ്: ദുബായ് ഗ്ലോബൽ വില്ലേജിലെ പുതിയ സീസണിലേക്കുള്ള ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു. സാധാരണ ദിവസങ്ങളിൽ 25 ദിർഹവും വാരാന്ത്യങ്ങളിൽ 30 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. 75 ദിർഹം മുതൽ 120 ദിർഹം വരെയായിരിക്കും വാഹനങ്ങളുടെ പാർക്കിങ് നിരക്ക് എന്നും ഗ്ലോബൽ വില്ലേജ് അധികൃതർ വ്യക്തമാക്കി.
അടുത്ത ബുധനാഴ്ചയാണ് ഗ്ലോബൽ വില്ലേജിലെ മുപ്പത്തിയൊന്നാമത് സീസൺ തുടങ്ങുന്നത്. ബുധനാഴ്ച വൈകിട്ട് ആറ് മണിക്കാണ് സന്ദർശകർക്കായി തുറക്കുക. പിന്നീടുള്ള ദിവസങ്ങളിൽ വൈകിട്ട് നാല് മണിമുതൽ പുലർച്ചെ 12 മണിവരെ ഗ്ലോബൽ വില്ലേജ് സന്ദർശിക്കാം. വെള്ളി, ശനി, ഞായർ തുടങ്ങിയ വാരാന്ത്യങ്ങളിൽ പുലർച്ചെ 1 മണിവരെ പ്രവേശനം അനുവദിക്കും.
ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ് ഫോമുകൾ വഴി ടിക്കറ്റ് എടുക്കാം. പ്രവേശന ഗേറ്റുകൾക്ക് മുന്നിലും ടിക്കറ്റ് എടുക്കാൻ സൗകര്യമുണ്ടാകും. 200 ദിർഹമാണ് വിഐപി പാർക്കിങ് കേന്ദ്രത്തിലെ ഫീസ്. മറ്റിടങ്ങളിൽ 75 ദിർഹം മുതൽ 120 ദിർഹം വരെ ഈടാക്കും. പാർക്കിങ് കേന്ദ്രങ്ങളിൽ ഫീസ് അടയ്ക്കാനുള്ള മെഷ്യനുകൾ ഉണ്ടാകും. ഇത് ഗതാഗത കുരുക്ക് കുറയ്ക്കാൻ സഹായിക്കുമെന്നും ഗ്ലോബൽ വില്ലേജ് അധികൃതർ വ്യക്തമാക്കി. 29 പവലിയനുകളാണ് ഗ്ലോബൽ വില്ലേജിൽ ഉത്തവണ ഉണ്ടാകുക. 3500 ഷോപ്പുകളും 250-ലധികം ഭക്ഷണ ശാലകളും ഗ്ലോബൽ വില്ലേജിൽ ഉണ്ടാകും.