അറബ് ലോകത്തെ ഏറ്റവും വലിയ ഇൻഡോർ പ്രദർശനകേന്ദ്രമായി മാറാനൊരുങ്ങി ദുബായ് എക്സിബിഷൻ സെന്റർ

ദുബായ്: അറബ് ലോകത്തെ ഏറ്റവും വലിയ ഇൻഡോർ പ്രദർശനകേന്ദ്രമായി മാറാനൊരുങ്ങി ദുബായ് എക്സിബിഷൻ സെന്റർ. മൂന്നു ഘട്ടങ്ങളിലായി നടത്തുന്ന വികസന പ്രവർത്തനങ്ങളിലൂടെ 65000ഓളം പേർക്കുള്ള സൗകര്യങ്ങൾ എക്സിബിഷൻ സെന്ററിൽ ഉണ്ടാകും. പശ്ചിമേഷ്യൻ സംഘർഷം വികസന പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ അടുത്ത വർഷം സെപ്തംബറിൽ പൂർത്തിയാക്കുമെന്നും ദുബായ് വേൾഡ് ട്രേഡ് സെന്റർ വൈസ് പ്രസിഡന്റ് അമർ അൽ ഫർസി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ഗൾഫുഡ്, അറബ് ഹെൽത്ത്, ബ്യൂട്ടി വേൾഡ് മിഡിൽ ഈസ്റ്റ് തുടങ്ങി ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മേളകളുടെ വേദിയാണ് ദുബായ് എക്സ്പോ 2020-യോട് ചേർന്നുള്ള എക്സിബിഷൻ സെന്റർ. ഇക്കൊല്ലം ആദ്യം ആദ്യഘട്ട നിർമ്മാണം പൂർത്തിയായ ശേഷം രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളാണ് ഇവിടെ അതിവേഗം പുരോഗമിക്കുന്നത്. അടുത്ത സെപ്തംബറിൽ രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ ആകെ വിസ്തീർണം 1,60,000 ചതുരശ്രമീറാകും. 60,000 പേർക്കുള്ള സൗകര്യങ്ങളാണ് ഇവിടെ ഉണ്ടാകുകയെന്ന് ദുബായ് വേൾഡ് ട്രേഡ് സെന്റർ വൈസ് പ്രസിഡന്റ് അമർ അൽ ഫർസി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് നിർമ്മാണ സാമഗ്രികളുടെ ലഭ്യതാ കുറവുണ്ടായിരുന്നെങ്കിലും മറ്റിടങ്ങളിൽ നിന്നും സാധനങ്ങളെത്തിച്ച് ഇതെല്ലാം പരിഹരിച്ചു. ഏത് സാഹചര്യവും നേരിടാൻ ദുബായ് തയ്യാറാണെന്നും വികസനത്തെ ഇതൊന്നും ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്നു ഘട്ടങ്ങളിലായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ എക്സിബിഷൻ സെന്ററിന്റെ ആകെ വിസ്തീർണം 1,80,000 ചതുരശ്ര മീറ്ററാകും. 65,000 പേർക്കുള്ള സൗകര്യങ്ങളുണ്ടാകും. അറേബ്യൻ ട്രാവൽ മാർക്കറ്റ്, ബ്യൂട്ടി വേൾഡ്, ജൈടെക്സ് ഗ്ലോബൽ തുടങ്ങിയ വമ്പൻ മേളകൾക്ക് ഇക്കൊല്ലം എക്സിബിഷൻ സെന്റർ വേദിയാകും. ദുബായ് വേൾഡ് ട്രേഡ് സെന്റർ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മഹിർ ജുൽഫറും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ആയിരം കോടി ദിർഹം മുതൽ മുടക്കിലാണ് എക്സിബിഷൻ സെന്ററിലെ 3 ഘട്ടങ്ങളിലായുള്ള വികസന പ്രവർത്തനം പൂർത്തിയാക്കുക