നിരോധിത വസ്തുക്കളുടെ പട്ടികയുമായി ദുബായ്, ഷാർജ വിമാനത്താവളങ്ങൾ

.
.

ദുബായ് : വിമാനയാത്രയിൽ പവർബാങ്കുകൾക്ക് എമിറേറ്റ്‌സ് എയർലൈൻ നിയന്ത്രണമേർപ്പെടുത്തിയതിനുപിന്നാലെ ഹാൻഡ് ബാഗേജിൽ നിരോധിച്ചിരിക്കുന്ന വസ്തുക്കളുടെ പട്ടിക പുറത്തുവിട്ട് ദുബായ്, ഷാർജ വിമാനത്താവള അധികൃതർ.

സുരക്ഷിതമായ വിമാനയാത്രയ്ക്ക് ഹാൻഡ് ബാഗേജിൽ ഒട്ടേറെയിനങ്ങൾക്കാണ് നിരോധനമുള്ളത്. കൂടാതെ, കൊണ്ടുപോകാവുന്ന വസ്തുവിന്റെ അളവും തരവും അനുസരിച്ചും നിയന്ത്രണങ്ങളുണ്ട്. പട്ടിക വിമാനത്താവള അധികാരികൾ പുറത്തുവിട്ടിട്ടുണ്ടെങ്കിലും ഓരോ എയർലൈനിനെ ആശ്രയിച്ചും മാറ്റങ്ങളുണ്ടായേക്കാം. യാത്രയ്ക്കുമുൻപ് ഇക്കാര്യം എയർലൈനുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തണമെന്നും അധികൃതർ നിർദേശിച്ചു.

ദുബായ് വിമാനത്താവളം

ചുറ്റിക, സ്‌ക്രൂഡ്രൈവർ, മൂർച്ചയേറിയ ഉപകരണങ്ങൾ, കത്രിക, ഗ്രൂമിങ് കിറ്റ്, മൂർച്ചയുള്ള വസ്തുക്കൾ, കൈവിലങ്ങ്, തോക്ക്, വെടിമരുന്ന്, ലേസർ തോക്ക്, വോക്കി ടോക്കി, ലൈറ്ററുകൾ, ബാറ്റ്, ആയോധനകലയ്ക്കുള്ള ഉപകരണങ്ങൾ, ഡ്രില്ല്, കയർ, അളക്കാനുള്ള ടേപ്പ്, പാക്കിങ് ടേപ്പ്, വ്യക്തിഗത യാത്രാഉപയോഗത്തിന് ഒഴികെയുള്ള ഇലക്‌ട്രിക്കൽ കേബിളുകൾ എന്നിവയ്ക്കെല്ലാം നിരോധനമുണ്ട്.

  • ദ്രാവകങ്ങൾ കൊണ്ടുപോകുന്നത് പരമാവധി ഒഴിവാക്കുക. അത്യാവശ്യമെങ്കിൽ ദ്രാവക കണ്ടെയ്‌നർ 100 മില്ലിയിൽ കൂടരുത്. ഈ അളവിൽ പരമാവധി 10 കണ്ടെയ്‌നർവരെ കൊണ്ടുപോകാം.
  • മരുന്നുകൾ കൊണ്ടുപോകണമെങ്കിൽ ഡോക്ടറുടെ കുറിപ്പടിയുണ്ടാകണം.
  • യാത്രക്കാരന്റെ ശരീരത്തിൽ ലോഹം കൊണ്ടുള്ള മെഡിക്കൽ ഉപകരണമുണ്ടെങ്കിൽ ഡോക്ടറുടെ സർട്ടിഫിക്കറ്റ് കൈവശമുണ്ടായിരിക്കുകയും അവ അധികാരികൾക്കുമുന്നിൽ ഹാജരാക്കുകയും വേണം.
  • പവർബാങ്കുകൾ കൊണ്ടുപോകാം. എന്നിരുന്നാലും ഇവ 100 വാട്‌സിൽ കൂടുതലാകരുത്. ഇതിനുമുകളിലാണെങ്കിൽ ഓരോ എയർലൈനും ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പാലിക്കണം. വിമാനയാത്രയ്ക്കിടെ പവർ ബാങ്കുകൾ ഉപയോഗിക്കാനും പാടില്ല.
  • നിയന്ത്രണങ്ങളിൽ കൂടുതൽ വ്യക്തതയ്ക്കായി യാത്രയ്ക്കുമുൻപ് എയർലൈനുമായി ബന്ധപ്പെടുക.
  • ഷാർജ വിമാനത്താവളം
  • ഷാർജ വിമാനത്താവളത്തിൽ ഹാൻഡ് ബാഗേജിലും ചെക്ക്ഡ് ബാഗേജിലും പൂർണമായും നിരോധിച്ചിരിക്കുന്ന ഒട്ടേറെ വസ്തുക്കളുണ്ട്.
  • ലാത്തി, ബേസ്‌ബോൾ ബാറ്റ്, ഗ്യാസ് ലൈറ്ററുകൾ പോലുള്ള കത്തുന്ന വാതകങ്ങൾ നിറച്ചവ, കാത്സ്യം കാർബൈഡ് പോലുള്ള നനഞ്ഞാൽ അപകടകരമായ വസ്തുക്കൾ, തീപ്പെട്ടിയും സൾഫറും പോലുള്ള കത്തുന്ന ഖരവസ്തുക്കൾ, രാസ-ജൈവ ഘടകങ്ങളടങ്ങിയ വസ്തുക്കൾ, ലഹരിപാനീയങ്ങൾ, തോക്ക്, ബുള്ളറ്റ്, ആറുസെന്റീമീറ്ററോ അതിൽകൂടുതലോ നീളമുള്ള ബ്ലേഡുകളുള്ള കത്തികൾ, വാൾ, ആയോധനകലാ ഉപകരണങ്ങൾ, സോഡിയം ക്ലോറേറ്റ്, ബ്ലീച്ച്, അമോണിയം നൈട്രേറ്റ് വളം തുടങ്ങിയ ഓക്സിഡൈസറുകൾ, അഗ്നിശമന ഉപകരണങ്ങൾ, കംപ്രസ് ചെയ്ത ഓക്സിജൻ, റേഡിയോ ആക്ടീവ് വസ്തുക്കൾ, കാർബൺ മോണോക്സൈഡ്, അമോണിയ ലായനി എന്നിവയുൾപ്പെടെയുള്ള വിഷവാതകവും വസ്തുക്കളും, ബാക്ടീരിയ, വൈറസുകൾ, മെഡിക്കൽ മാലിന്യം പോലുള്ളവ, പടക്കംപോലുള്ള സ്ഫോടകവസ്തുക്കൾ, കണ്ണീർവാതകത്തിന് സമാനമായ രാസവസ്തുക്കൾ തുടങ്ങിയവയെല്ലാം നിരോധിച്ചിട്ടു ണ്ട്.
  • പരമാവധി 100 മില്ലിവരെ ദ്രാവകങ്ങൾ ഹാൻഡ് ബാഗേജിൽ കൊണ്ടുപോകാം. ഇതിൽ ടോയ്‌ലറ്ററീസ്, പാനീയങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, ശീതീകരിച്ചദ്രാവകങ്ങൾ എന്നിവയെല്ലാം ഉൾപ്പെടും. കുപ്പികൾ തുറക്കാവുന്നതും വീണ്ടും അടക്കാവുന്നതുമായിരിക്കണം. പ്ലാസ്റ്റിക് ബാഗിലാക്കി (20 സെ.മീ x 20 സെ.മീ) എക്സ്‌റേ സ്‌ക്രീനിങ് പോയിന്റിലെ ജീവനക്കാർക്കുമുന്നിൽ പരിശോധനയ്ക്കായി ഹാജരാക്കുകയും വേണം.
  • ബേബി ഫുഡ്, മരുന്നുകൾ തുടങ്ങിയ ഇനങ്ങൾ പ്രത്യേകം കൊണ്ടുപോകണം. മരുന്നുകൾക്ക് ഡോക്ടറുടെ കുറിപ്പടി ഉണ്ടായിരിക്കണം.
  • കാർബൺ മോണോക്സൈഡ്, അമോണിയ ലായനി എന്നിവയുൾപ്പെടെയുള്ള വസ്തുക്കളും സോഡിയം ക്ലോറേറ്റ്, ബ്ലീച്ച്, അമോണിയം നൈട്രേറ്റ് വളം തുടങ്ങിയ ഓക്സിഡൈസറുകളും കാർഗോ വിമാനങ്ങളിൽ സ്വീകാര്യമാണ്.

Content Highlights: Dubai Airport Hand Baggage Restrictions