യുഎഇയിൽ ഡ്രൈവറില്ലാ ഡെലിവറി വാഹനങ്ങൾ; അബുദാബിയിൽ പരീക്ഷണയോട്ടം

അബുദാബി: യുഎഇയിൽ ഒരു വർഷത്തിനകം ഡ്രൈവറില്ലാ ഡെലിവറി വാഹനങ്ങൾ പ്രവർത്തനം തുടങ്ങും. ലോജിസ്റ്റിക് ഗ്രൂപ്പായ സെവൻഎക്സ് ആണ് ഇവയെത്തിക്കുന്നത്. നിലവിൽ അബുദാബിയിലെ മസ്ദാർ സിറ്റിയിൽ ഇത്തരം വാഹനങ്ങളുടെ പരീക്ഷണയോട്ടം പുരോഗമിക്കുകയാണ്. ഇനി ഖലീഫാ സിറ്റിയിലേക്കും പിന്നീട് ദുബായിലെ വിവിധയിടങ്ങളിലേക്കും പരീക്ഷണയോട്ടം വ്യാപിപ്പിക്കും. ഒരു വർഷത്തിനുള്ളിൽ യുഎഇയിലെമ്പാടും ഡ്രൈവറില്ലാ ഡെലിവറി വാഹനങ്ങൾ ഓടിത്തുടങ്ങുമെന്ന് സെവൻഎക്സ് ഗ്രൂപ്പ് സിഇഒ താരിഖ് അൽ വഹേദി പറഞ്ഞു. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന 28-ാമത് യൂണിവേഴ്‌സൽ പോസ്റ്റൽ യൂണിയൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂറിയർ, എക്സ്പ്രസ്, പാഴ്‌സൽ സർവീസസ് കമ്പനികൾക്ക് ഡ്രൈവറില്ലാ ഡെലിവറി വാഹനങ്ങൾ ഗുണം ചെയ്യും. ഇവ പ്രധാനസ്ഥലങ്ങളിലെല്ലാം ആവശ്യാനുസരണം നിർത്തി സാധനങ്ങൾ കൈമാറും. ഇത് ഗതാഗതത്തിരക്ക് കുറയ്ക്കും. പാഴ്‌സൽ സർവീസ് കമ്പനികൾക്ക് ലാഭകരവുമായിരിക്കും. എമിറേറ്റ്‌സ് പോസ്റ്റ്, ഇനവേഷൻ സ്റ്റുഡിയോ, ഇഎംഎക്സ്, ഫിൻടെക്സ് എന്നിവയാണ് സെവൻഎക്സിന്റെ പ്രധാന അനുബന്ധ സ്ഥാപനങ്ങൾ.
Content Highlights: driver less delivery vehicles to come in uae