അക്ഷരക്കൂട്ടം സാഹിത്യമത്സര വിജയികളെ പ്രഖ്യാപിച്ചു

ദുബായ്: റഫീഖ് വയനാട്, ഷിറാസ് വാടാനപ്പള്ളി എന്നിവരുടെ സ്മരണാർഥം സംഘടിപ്പിച്ച 'അക്ഷരക്കൂട്ടം സാഹിത്യമത്സരം 2026' കഥാ-കവിതാ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു.
കഥാവിഭാഗത്തിൽ നജിം കൊച്ചുകലുങ്ക് രചിച്ച ''റൂഹ്'' ഒന്നാം സമ്മാനവും, ഇസ്മയിൽ കൂളത്തിന്റെ ''ബറാസത്തിലെ ആറ് സെന്റ്'' രണ്ടാം സമ്മാനവും നേടി. കവിതാവിഭാഗത്തിൽ ഷിഹാബുദ്ദീൻ കുമ്പിടിയുടെ ''ഫാത്തിമ മില്ല്'' ഒന്നാം സ്ഥാനത്തിനും, രാമചന്ദ്രൻ മൊറാഴയുടെ ''തെയ്യചരിതം'' രണ്ടാം സ്ഥാനത്തിനും അർഹമായി. ഷാജി ഹനീഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അക്ഷരക്കൂട്ടം അഡ്മിൻ അംഗങ്ങളായ എം.സി. നവാസ്, റീന സലീം, ഈപ്പൻ തോമസ്, റസീന ഹൈദർ, അനൂപ് കുമ്പനാട്, അജിത് വള്ളോലി, സജ്‌ന അബ്ദുള്ള എന്നിവർ പങ്കെടുത്തു. കഥകളുടെ പ്രാഥമിക ഘട്ട വിധിനിർണയം എഴുത്തുകാരൻ അനിൽ ദേവസ്സിയും, എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ രമേശ് പെരുമ്പിലാവും നിർവഹിച്ചു. കവികളും സാംസ്‌കാരിക പ്രവർത്തകരുമായ പി. ശിവപ്രസാദ്, കെ. ഗോപിനാഥ് എന്നിവരായിരുന്നു കവിതകളുടെ പ്രാഥമിക ജൂറി. തുടർന്ന്, കഥാകൃത്തും അധ്യാപകനുമായ അനൂപ് അന്നൂർ കഥകളുടെയും, റെജി എസ്. പാങ്ങോട് കവിതകളുടെയും അന്തിമ വിധിനിർണയം നടത്തി. വിജയികൾക്കുള്ള പുരസ്‌കാര പത്രവും ക്യാഷ് അവാർഡും ശില്പി നിസാർ ഇബ്രാഹിം രൂപകൽപ്പന ചെയ്ത ശില്പവും ഒക്ടോബർ മാസത്തിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് അക്ഷരക്കൂട്ടം അഡ്മിൻ ടീം അറിയിച്ചു.