അജ്മാൻ ഭരണാധികാരിയുടെ 45 വർഷത്തെ ഭരണനേട്ടങ്ങൾക്ക് ആദരം; അൽ സോറയിൽ 45 കണ്ടൽച്ചെടികൾ നട്ടുപിടിപ്പിച്ച് വിദ്യാർഥികൾ

അജ്മാൻ: സുപ്രീംകൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയുടെ 45 വർഷത്തെ ഭരണനേട്ടങ്ങൾക്ക് ആദരമർപ്പിച്ച് അജ്മാൻ അൽ സോറ ബീച്ചിൽ 45 കണ്ടൽച്ചെടികൾ നട്ടുപിടിപ്പിച്ചു. നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്‌കൂളിലെ 26 വിദ്യാർഥികളും അജ്മാൻ ടൂറിസം, കൾച്ചർ ആൻഡ് മീഡിയ ഡിപ്പാർട്ട്മെന്റും സംയുക്തമായി ബുധനാഴ്ച രാവിലെയാണ് ദൗത്യം സംഘടിപ്പിച്ചത്.
സെപ്റ്റംബർ 27-ന് ആചരിച്ച ലോക വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച് സുസ്ഥിര ടൂറിസവും പരിസ്ഥിതി സംരക്ഷണവും മുൻനിർത്തിയായിരുന്നു പരിപാടി. അജ്മാൻ കൈവരിച്ച 45 വർഷത്തെ വികസനത്തിന്റെയും പുരോഗതിയുടെയും പ്രതീകമായാണ് 45 കണ്ടൽച്ചെടികൾ നട്ടത്. എമിറേറ്റിന്റെ സുസ്ഥിര പരിസ്ഥിതി വികസനത്തിൽ നേരിട്ട് പങ്കാളികളാകാൻ ഈ സംരംഭത്തിലൂടെ വിദ്യാർഥികൾക്ക് അവസരം ലഭിച്ചു.
കണ്ടൽച്ചെടികൾ നടുന്നതിൽ നേരിട്ടുള്ള പരിശീലനവും തീരദേശ പരിസ്ഥിതി ശൃംഖലയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും വിദ്യാർഥികൾ മനസ്സിലാക്കി. കടൽജീവികളുടെ നിലനിൽപ്പിന് കണ്ടൽക്കാടുകൾ വഹിക്കുന്ന പങ്ക് വലുതാണെന്ന് സംഘാടകർ വ്യക്തമാക്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സർക്കാർ സംവിധാനങ്ങളെയും യുവാക്കളെയും പരിസ്ഥിതി സംരക്ഷണത്തിനായി കോർത്തിണക്കുന്നതാണ് അജ്മാൻ ടൂറിസം വകുപ്പും സ്‌കൂളും തമ്മിലുള്ള ഈ സഹകരണം. പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിൽ അടുത്ത തലമുറയെ പ്രാപ്തരാക്കുന്നതിനും, അജ്മാന്റെ ചരിത്രത്തിലെ നിർണായക നാഴികക്കല്ല് ആഘോഷിക്കുന്നതിനും പരിപാടി വഴിയൊരുക്കി.