അകത്തളത്തിലെ ചെടിസമൃദ്ധിക്ക് സര്‍ക്കാര്‍ പുരസ്‌കാരം

.
.

അജ്മാന്‍: വീട്ടിനുള്ളില്‍ മനോഹരമായ പച്ചപ്പുകള്‍ സൃഷ്ടിച്ചതിന് മലയാളി വീട്ടമ്മയ്ക്ക് അജ്മാന്‍ സര്‍ക്കാരിന്റെ പുരസ്‌കാരം. തൃശ്ശൂര്‍ കുന്നംകുളം സ്വദേശിനി ബേനസീര്‍ ഫക്രുദ്ദീനാണ് അജ്മാന്‍ മുനിസിപ്പാലിറ്റി പ്ലാനിങ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ 16-ാമത്  'അജ്മാന്‍ അഗ്രികള്‍ച്ചറല്‍' പുരസ്‌കാരത്തിനര്‍ഹയായത്. 

ഏറ്റവും മികച്ചരീതിയില്‍ ഇന്‍ഡോര്‍ പ്ലാന്റ് തയ്യാറാക്കിയതിനായിരുന്നു ഈവര്‍ഷത്തെ മുനിസിപ്പാലിറ്റിയുടെ പുരസ്‌കാരം ബേനസീറിനെ തേടിയെത്തിയത്. ഹരിതസമൃദ്ധിയും ഉദ്യാനപാലനവും പ്രോത്സാഹിപ്പിക്കാനായി വര്‍ഷംതോറും അജ്മാന്‍ മുനിസിപ്പാലിറ്റി ഇത്തരത്തില്‍ അര്‍ഹരായവര്‍ക്ക് അഗ്രികള്‍ച്ചറല്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നുണ്ട്. പുരസ്‌കാരത്തിനായി ഓണ്‍ലൈനില്‍ ബേനസീറിന്റെ അപേക്ഷ സ്വീകരിച്ച മുനിസിപ്പാലിറ്റി അധികൃതര്‍ വീട്ടിലെത്തി ചെടികള്‍ പരിശോധിച്ച ശേഷമായിരുന്നു പുരസ്‌കാരം പ്രഖ്യാപിച്ചത്. 3.000 ദിര്‍ഹം, മെഡല്‍, സര്‍ട്ടിഫിക്കറ്റ് എന്നിവയടങ്ങിയ പുരസ്‌കാരം ബേനസീര്‍ മുനിസിപ്പാലിറ്റി പ്ലാനിങ് ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതരില്‍ നിന്നും സ്വീകരിച്ചു.

കഴിഞ്ഞ 10 വര്‍ഷമായി ബാല്‍ക്കണി, ഹാള്‍ എന്നിവിടങ്ങളിലായി ബേനസീര്‍ ചെടികള്‍ പരിപാലിച്ച് വളര്‍ത്തുന്നുണ്ട്. ആഗ്‌ളോനിമ, റബ്ബര്‍ പ്ലാന്റ്‌സ്, സ്‌നേക്ക് പ്ലാന്റ്‌സ്, മണി പ്ലാന്റ്‌സ്, പോത്തോസ്, ഫിലോഡെന്‍ഡ്രോണ്‍ തുടങ്ങിയ വിഭാഗങ്ങളിലുള്ള ചെടികളാണേറെയും. യുഎഇയിലെ നഴ്സറികളില്‍ നിന്നും 30 ദിര്‍ഹം മുതല്‍ മുകളിലോട്ട് വിലനല്‍കിയാണ് ഭൂരിഭാഗം ചെടികളും കൊണ്ടുവരുന്നത്. കൂടാതെ സലാല, കേരളം എന്നിവിടങ്ങളില്‍ നിന്നും ചെടികളെത്തിക്കും. വ്യത്യസ്ത ഇലകളുള്ള ചെടികളാണ് സലാലയില്‍ നിന്നും കൂടുതലും കൊണ്ടുവരുന്നത്. കൃത്യമായ പരിപാലനമാണ് വീട്ടിനുള്ളിലെ ചെടിസമൃദ്ധിയുടെ കാരണമെന്ന് ബേനസീര്‍ പറഞ്ഞു. പുരസ്‌കാരത്തിന്റെ ഭാഗമായി മകള്‍ ജന്നത്ത് ഫക്രുദ്ദീന്‍ പഠിക്കുന്ന അജ്മാന്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ 'ദി പ്രൗഡ് പേരന്റ്' അംഗീകാരവും നല്‍കി ബേനസീറിനെ ആദരിച്ചു. ദുബായില്‍ ജോലിചെയ്യുന്ന ഫക്രുദ്ദീന്റെ പത്‌നിയാണ് ബേനസീര്‍.

Content Highlights: Ajman Award for Indoor Gardening