സ്വദേശി ഉൽപ്പന്നങ്ങൾക്ക് കൈത്താങ്ങായി ലുലു ഗ്രൂപ്പ്: 'അവ്വൽ' സംരംഭം പുറത്തിറക്കി

അബുദാബി അഡ്‌നെക് സെന്ററില്‍ നടക്കുന്ന ഗ്ലോബല്‍ ഫുഡ് വീക്ക് 2026-ല്‍ ഡോ. താനി ബിൻ അഹമ്മദ് അല്‍ സിയൂദി, എം.എ യൂസഫലി എന്നിവര്‍ ചേര്‍ന്ന് 'അവ്വല്‍' സംരംഭം പുറത്തിറക്കുന്നു.
അബുദാബി അഡ്‌നെക് സെന്ററില്‍ നടക്കുന്ന ഗ്ലോബല്‍ ഫുഡ് വീക്ക് 2026-ല്‍ ഡോ. താനി ബിൻ അഹമ്മദ് അല്‍ സിയൂദി, എം.എ യൂസഫലി എന്നിവര്‍ ചേര്‍ന്ന് 'അവ്വല്‍' സംരംഭം പുറത്തിറക്കുന്നു.

അബുദാബി: യു.എ.ഇയിൽ വിളയിച്ചെടുക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾക്കും തദ്ദേശീയമായി നിർമ്മിക്കുന്ന ഭക്ഷ്യവസ്തുക്കൾക്കും വിപണിയിൽ മുൻഗണന നൽകുന്നതിനായി 'അവ്വൽ' എന്ന പേരിൽ പുതിയ റീട്ടെയിൽ ശ്രേണി പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. അബുദാബി അഡ്‌നെക് സെന്ററിൽ നടക്കുന്ന ഗ്ലോബൽ ഫുഡ് വീക്ക് 2026-ൽ വിദേശവ്യാപാര കാര്യ സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സിയൂദി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എന്നിവർ ചേർന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു. സ്വദേശി ഉൽപ്പന്നങ്ങളെ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ തിരിച്ചറിയാനും തിരഞ്ഞെടുക്കാനും സഹായിക്കുന്നതാണ് ലുലുവിന്റെ പുതിയ സംരംഭം. 'യു.എ.ഇ കംസ് ഫസ്റ്റ്' എന്ന പ്രമേയത്തോടെ എത്തുന്ന അവ്വൽ ശ്രേണിയെ മൂന്ന് പ്രധാന വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. യു.എ.ഇയിൽ ഉൽപ്പാദിപ്പിക്കുന്ന പഴങ്ങൾ, പച്ചക്കറികൾ, ഈന്തപ്പഴം, ഔഷധസസ്യങ്ങൾ എന്നിവ ഉൾപ്പെടുന്ന 'യു.എ.ഇ ഗ്രോൺ', പാൽ ഉൽപ്പന്നങ്ങൾ, മുട്ട, കോഴിയിറച്ചി, തേൻ എന്നിവ ഉൾപ്പെടുന്ന 'യു.എ.ഇ പ്രൊഡ്യൂസ്ഡ്', പ്രാദേശികമായി നിർമ്മിക്കുന്ന മറ്റ് ഭക്ഷ്യവസ്തുക്കൾ അടങ്ങുന്ന 'യു.എ.ഇ മെയ്ഡ്' എന്നിവയാണവ. ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഇവർക്കായി പ്രത്യേക കൗണ്ടറുകളും പ്രചാരണങ്ങളും ഒരുക്കും. ചടങ്ങിൽ ലുലു ഗ്രൂപ്പ് സി.ഇ.ഓ സൈഫി രൂപവാല, എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്റഫ് അലി എം.എ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സലീം വി.ഐ, ഗ്ലോബൽ മാർക്കറ്റിംഗ് ഡയറക്ടർ വി. നന്ദകുമാർ, സ്വദേശിവത്കരണ വിഭാഗം ഡയറക്ടർ ഇബ്രാഹിം അൽ മർസൂഖി എന്നിവരും പങ്കെടുത്തു.