യൻബുവിൽ അനധികൃത മത്സ്യബന്ധനം; മൂന്ന് ഫിലിപ്പീൻസ് പൗരന്മാർ അറസ്റ്റിൽ

യൻബു: സൗദി അറേബ്യയിലെ മദീന മേഖലയിലെ യൻബു ഗവർണറേറ്റിൽ അനുമതിയില്ലാതെ മത്സ്യബന്ധനം നടത്തിയ മൂന്ന് ഫിലിപ്പീൻസ് പൗരന്മാരെ അതിർത്തി സുരക്ഷാ സേനയുടെ തീരദേശ പട്രോൾ സംഘം അറസ്റ്റ് ചെയ്തു. രാജ്യത്തിന്റെ സമുദ്രാതിർത്തിയിൽ സമുദ്ര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ പാലിക്കേണ്ട സുരക്ഷാ, നിയന്ത്രണ ചട്ടങ്ങൾ ലംഘിച്ചതിനാണ് നടപടി.
മത്സ്യബന്ധനത്തിന് ആവശ്യമായ അനുമതിയില്ലാതെയാണ് ഇവർ പ്രവർത്തിച്ചതെന്നും നിരോധിത ഉപകരണങ്ങൾ ഉപയോഗിച്ചതായും അധികൃതർ അറിയിച്ചു. സംഭവത്തിൽ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിച്ച് നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. ജലജീവി സമ്പത്തുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങളും നിർദേശങ്ങളും കർശനമായി പാലിക്കണമെന്ന് അതിർത്തി സുരക്ഷാ സേന പൊതുജനങ്ങളോട് അഭ്യർഥിച്ചു.
പരിസ്ഥിതി, വന്യജീവി നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ 994 എന്ന നമ്പറിലും അറിയിക്കാം. പരാതിക്കാരുടെ വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും റിപ്പോർട്ട് ചെയ്യുന്നവർക്ക് യാതൊരു ഉത്തരവാദിത്തവും ഉണ്ടായിരിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
Content Highlights: Three Philippine nationals arrested in Yanbu for illegal fishing, Violators used prohibited equipment without proper permits, Border guard urges public to report environmental violations via 911 or 994