ഹോർമുസ് കടലിടുക്കിൽ മൈനിൽ ഇടിച്ച് മൂന്ന് എണ്ണക്കപ്പലുകൾക്ക് തീപിടിച്ചു

ജിദ്ദ: ഹോർമുസ് കടലിടുക്കിൽ കടൽമൈനുകളിൽ ഇടിച്ചതിനെത്തുടർന്ന് മൂന്ന് എണ്ണക്കപ്പലുകൾക്ക് തീപിടിക്കുകയും സ്ഫോടനങ്ങൾ ഉണ്ടാകുകയും ചെയ്തതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡും നാവികസേനയും അറിയിച്ചു. ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.
അനുവാദമില്ലാത്ത പാതയിലൂടെ കടലിടുക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ട് എണ്ണക്കപ്പലുകളിൽ സ്ഫോടനമുണ്ടായതെന്ന് ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ സംപ്രേഷണം ചെയ്ത പ്രസ്താവനയിൽ റെവല്യൂഷണറി ഗാർഡിന്റെ നാവികസേന വ്യക്തമാക്കി. കപ്പലുകൾ റഡാർ സംവിധാനങ്ങളും ലൊക്കേഷൻ തിരിച്ചറിയാനുള്ള ഉപകരണങ്ങളും പ്രവർത്തനരഹിതമാക്കിയിരുന്നതായും പ്രസ്താവനയിൽ പറയുന്നു.
മറ്റൊരു പ്രസ്താവനയിൽ, ഹോർമുസ് കടലിടുക്കിന്റെ കിഴക്കുഭാഗത്തുള്ള സുരക്ഷിതമല്ലാത്തതും നിയന്ത്രിതവുമായ മേഖലയിലൂടെ സഞ്ചരിച്ച മൂന്നാമത്തെ എണ്ണക്കപ്പലിനും തീപിടിച്ചതായി ഇറാൻ നാവികസേന അറിയിച്ചു. ട്രാക്കിങ് സംവിധാനങ്ങൾ ഓഫ് ചെയ്ത നിലയിൽ സഞ്ചരിച്ച കപ്പൽ കടൽമൈനിൽ ഇടിച്ചതിനെത്തുടർന്ന് തീപിടിക്കുകയും യാത്ര നിർത്താൻ നിർബന്ധിതമാകുകയും ചെയ്തുവെന്നാണ് വിശദീകരണം.
തീപിടിത്തമുണ്ടായ കപ്പലുകളുടെ പേരോ അവയുടെ പതാക വഹിക്കുന്ന രാജ്യങ്ങളോ ഇരു പ്രസ്താവനകളിലും വ്യക്തമാക്കിയിട്ടില്ല. എന്നാൽ തെക്കൻ കടലിടുക്കിൽ തീപിടിച്ച രണ്ട് കപ്പലുകളിൽ ഒന്ന് കൂറ്റൻ എണ്ണക്കപ്പലായിരുന്നുവെന്ന് റെവല്യൂഷണറി ഗാർഡ് സൂചിപ്പിച്ചു.
2026 ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചതുമുതൽ ഇറാന്റെ അനുമതിയില്ലാതെ ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിക്കുന്ന കപ്പലുകളെ ടെഹ്റാൻ പതിവായി ലക്ഷ്യമിടുന്നുണ്ട്. ഇതോടെ മധ്യപൂർവദേശത്തുനിന്നുള്ള എണ്ണ, പ്രകൃതിവാതക കയറ്റുമതിയുടെ നിർണായക പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
ഇതിന് മറുപടിയായി ഇറാനിയൻ തുറമുഖങ്ങൾക്കുമേൽ അമേരിക്ക നാവിക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കടലിടുക്ക് മുറിച്ചുകടക്കുന്ന കപ്പലുകൾക്ക് അമേരിക്കൻ നാവികസേനയുടെ അകമ്പടിയും വർധിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഹോർമുസ് കടലിടുക്കിനുള്ളിൽ നിരവധി കപ്പലുകളിൽ സ്ഫോടനങ്ങളും തീപിടിത്തങ്ങളും ഉണ്ടായതായി ഇറാൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, കടലിടുക്കിലെ ഭൂരിഭാഗം കടൽമൈനുകളും നീക്കം ചെയ്തതായാണ് അമേരിക്കയുടെ നിലപാട്.