മക്കയിലെ മസ്ജിദുൽ ഹറമിലെ മുഅദ്ദിൻ ശൈഖ് ഇബ്രാഹിം അൽ മദനി അന്തരിച്ചു

മക്ക: മസ്ജിദുൽ ഹറമിലെ ദീർഘകാല മുഅദ്ദിനായിരുന്ന ശൈഖ് ഇബ്രാഹിം ബിൻ ആദിൽ അൽ മദനി (51) അന്തരിച്ചു. തിങ്കളാഴ്ചയായിരുന്നു അന്ത്യം.
മസ്ജിദുൽ ഹറമിലെ 24 പ്രധാന മുഅദ്ദിന്മാരിൽ ഒരാളായിരുന്നു ശൈഖ് ഇബ്രാഹിം അൽ മദനി. മസ്ജിദിലെ മക്ബരിയ്യ എന്നറിയപ്പെടുന്ന നിസ്കാര അറിയിപ്പ് സംവിധാനത്തിലും അദ്ദേഹം അംഗമായിരുന്നു. 24 മുഅദ്ദിന്മാരിൽ ആറുപേർ വീതമാണ് ഓരോ ദിവസവും അഞ്ച് നേരത്തെ നിസ്കാരത്തിന്റെയും സുബ്ഹി ബാങ്കിന്റെയും ചുമതല നിർവഹിക്കുന്നത്. ഇതിൽ പുലർച്ചെയുള്ള ബാങ്കിലൂടെ പ്രത്യേകമായി ശ്രദ്ധേയനായ വ്യക്തിയായിരുന്നു അൽ മദനി.
സമയമറിയിച്ചുകൊണ്ട് ബാങ്ക് വിളിക്കുന്നതിന് പുറമേ, മക്ബരിയ്യയിൽ നിന്ന് ഇമാമിന്റെ തക്ബീറുകൾ വിശ്വാസികളിലേക്ക് കൈമാറുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഇതുവഴി മസ്ജിദുൽ ഹറമിലെ വിശാലമായ പ്രദേശങ്ങളിലുള്ള വിശ്വാസികൾക്ക് നിസ്കാരത്തിലെ ഇമാമിന്റെ തക്ബീറുകൾ വ്യക്തമായി കേൾക്കാൻ സാധിച്ചു.
മദീനയിൽ ജനിച്ച ശൈഖ് അൽ മദനി, ഹൃദയസ്പർശിയായ ശബ്ദത്തിൽ ബാങ്ക് വിളിക്കുന്നതിലൂടെ പ്രശസ്തനായിരുന്നു. മദീനയിലെ മസ്ജിദുന്നബവിയിൽ മുഅദ്ദിനായാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് മസ്ജിദുൽ ഹറമിലേക്ക് മാറിയ അദ്ദേഹം, അന്ത്യംവരെ ബാങ്കുവിളിക്കുന്ന സേവനം തുടർന്നു.
മസ്ജിദുൽ ഹറമിലെ ബാങ്കും തക്ബീറും, പ്രത്യേകിച്ച് ഫജ്റ് നിസ്കാരത്തിനായുള്ള ബാങ്കും, ശൈഖ് അൽ മദനിയുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറിയിരുന്നു.
അദ്ദേഹത്തിന്റെ മരണവാർത്ത പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ ശൈഖ് അൽ മദനിയുടെ ബാങ്കും തക്ബീറുകളും ഉൾപ്പെടുന്ന നിരവധി ഓഡിയോ-വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു.
'അശ്റഖത്' പോഡ്കാസ്റ്റിന്റെ ഒരു എപ്പിസോഡിൽ, മസ്ജിദുൽ ഹറമിൽ ആദ്യമായി ബാങ്കു വിളിച്ച അനുഭവം ശൈഖ് അൽ മദനി പങ്കുവെച്ചിരുന്നു. വിശുദ്ധ കഅ്ബയെ ചുറ്റി തീർഥാടകർ തവാഫ് നടത്തുന്നതിനിടെ തന്റെ ശബ്ദത്തിൽ ബാങ്ക് മുഴങ്ങുന്നത് കണ്ടപ്പോൾ താൻ കരഞ്ഞുപോയെന്ന് അദ്ദേഹം പറഞ്ഞു.
''ഈ വിശുദ്ധ സ്ഥലത്ത് എന്റെ ശബ്ദം ഉയരാൻ ഞാൻ ആരാണ്?'' എന്നായിരുന്നു അന്ന് അദ്ദേഹം വിനയത്തോടെ ചോദിച്ചത്. മക്കയിലെയും മദീനയിലെയും ബാങ്ക് വിളിക്കുന്ന രീതികളിലും പാരമ്പര്യങ്ങളിലും നിലനിൽക്കുന്ന വ്യത്യാസങ്ങളെക്കുറിച്ചും അദ്ദേഹം പോഡ്കാസ്റ്റിൽ വിശദീകരിച്ചിരുന്നു.