ഇൻഷുറൻസ് നിരക്ക് കുറയ്ക്കുമെന്ന് പ്രഖ്യാപനം; വാഹന ഇൻഷുറൻസ് പ്രീമിയം കുതിച്ചുയരുന്നു

ജിദ്ദ: സൗദിയിൽ വാഹന ഇൻഷുറൻസ് നിരക്കുകൾ കുതിച്ചുയരുന്നത് ഉപഭോക്താക്കൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമാകുന്നു. ഇൻഷുറൻസ് നിരക്കുകൾ പുനഃപരിശോധിക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചിട്ടും വിപണിയിൽ വില കുറയുന്നില്ലെന്ന് മാത്രമല്ല, പല കമ്പനികളും പ്രീമിയം നിരക്കുകൾ വൻതോതിൽ വർധിപ്പിക്കുകയും ചെയ്തു.
വാഹന ഇൻഷുറൻസ് നിരക്കുകൾ നിശ്ചയിക്കുന്ന രീതി പരിശോധിക്കുമെന്ന് രണ്ട് മാസം മുമ്പ് ഇൻഷുറൻസ് അതോറിറ്റി പ്രഖ്യാപിച്ചിരുന്നു. കമ്പനികൾ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും അമിത നിരക്കുകൾ ഒഴിവാക്കി ന്യായമായ വില ഉറപ്പാക്കുകയുമായിരുന്നു ഇതിന്റെ ലക്ഷ്യം.
എന്നാൽ, കഴിഞ്ഞ വർഷത്തെയും ഈ വർഷത്തെയും ഇൻഷുറൻസ് നിരക്കുകൾ താരതമ്യം ചെയ്തപ്പോൾ മിക്ക കമ്പനികളും നിരക്ക് വർധിപ്പിച്ചതായാണ് കാണുന്നത്. തേർഡ് പാർട്ടി ഇൻഷുറൻസ്, സമഗ്ര ഇൻഷുറൻസ് (കോംപ്രിഹെൻസീവ്) വിഭാഗങ്ങളിലെല്ലാം നിരക്ക് വർധനയുണ്ട്. ചില ചെറുകിട കമ്പനികളിൽ 30 ശതമാനം മുതൽ തുടങ്ങിയ വർധന പ്രമുഖ കമ്പനികളിൽ 100 മുതൽ 200 ശതമാനം വരെ എത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
ഇൻഷുറൻസ് നിരക്കുകൾ നിശ്ചയിക്കുമ്പോൾ കമ്പനികൾ ന്യായമായ വില ഉറപ്പാക്കണമെന്നും അമിത നിരക്കുകൾ ഈടാക്കരുതെന്നും അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. കമ്പനികളുടെ സാമ്പത്തിക നിലയും നഷ്ടസാധ്യതകളും പരിഗണിച്ച് ശാസ്ത്രീയമായ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം നിരക്കുകൾ നിശ്ചയിക്കേണ്ടതെന്നും നിർദേശമുണ്ട്.
മറ്റ് കമ്പനികൾ ഈടാക്കുന്ന നിരക്കുകൾ മാത്രം അടിസ്ഥാനമാക്കി വില നിശ്ചയിക്കരുതെന്നും കൃത്യമായ കണക്കുകളും ഇൻഷുറൻസ് സംബന്ധമായ വിവരങ്ങളും പരിഗണിക്കണമെന്നും അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. വില നിശ്ചയിക്കാൻ ഉപയോഗിക്കുന്ന രീതികളും മാനദണ്ഡങ്ങളും അതോറിറ്റിക്ക് സമർപ്പിക്കണമെന്നും കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ഇൻഷുറൻസ് നിരക്കുകൾ ഉയരുന്നതിനെതിരെ ഉപഭോക്താക്കൾ പരാതി ഉന്നയിക്കുമ്പോഴും കമ്പനികളുടെ ലാഭത്തിൽ വലിയ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സൗദി ഓഹരി വിപണിയായ 'തദാവുൽ'ൽ ലിസ്റ്റ് ചെയ്ത 26 ഇൻഷുറൻസ് കമ്പനികളുടെ 2026-ലെ ആദ്യ പാദത്തിലെ അറ്റാദായം 34 ശതമാനം വർധിച്ച് 943 ദശലക്ഷം റിയാലിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 701 ദശലക്ഷം റിയാലായിരുന്നു.
ഇൻഷുറൻസ് നിരക്കുകൾ കുത്തനെ ഉയരുന്നതിനൊപ്പം കമ്പനികളുടെ ലാഭവും വർധിക്കുന്നത് വിപണിയിൽ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. നിരക്ക് വർധനയ്ക്ക് പിന്നിലെ യഥാർഥ കാരണങ്ങൾ എന്താണെന്നും ന്യായമായ വില ഉറപ്പാക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം എത്രത്തോളം നടപ്പാകുന്നുണ്ടെന്നും ഉപഭോക്താക്കൾക്കിടയിൽ ചോദ്യങ്ങൾ ഉയരുകയാണ്.